പാലക്കാട്: ഗണേശോത്സവത്തെ ദേശീയ ഉത്സവമെന്ന് വിശേഷിപ്പിച്ച് ലഫ്റ്റനൻ്റ് കേണൽ ഋഷി രാജലക്ഷ്മി. പാലക്കാട് ചെത്തല്ലൂർ ഗണേശോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇന്ത്യയുടെ അഭിമാനമായ മലയാളി സൈനികനായ ഋഷി.
ഉരുളെടുത്ത വയനാടിന് കരുത്ത് പകർന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. ഭീകരരുമായുളള ഏറ്റുമുട്ടലിൽ മുഖത്തേറ്റ പരിക്കുകൾ മറയ്‌ക്കാൻ എപ്പോഴും മാസ്ക് ധരിച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന അദ്ദേഹം അർപ്പണബോധത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. ഇന്ത്യൻ ആർമിയിലെ ആർക്കും പിന്നിൽ നിന്ന് വെടികൊണ്ട് ശീലമില്ല, മുഖത്ത് തന്നെയാണ് കൊണ്ടതെന്നും എന്തായാലും നേരിട്ട് വാങ്ങിയേ ശീലമുളളൂ, തിരിഞ്ഞോടിയ ശീലം ഒരു ഇന്ത്യൻ പട്ടാളക്കാരനും ഇന്നു വരെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തിച്ചേ ശീലമുള്ളൂവെന്നും ആദരവ് വാങ്ങിയും ശീലമില്ലെന്നും ചെയ്യുന്നതെല്ലാം രാജ്യത്തിന് വേണ്ടിയാണെന്നും ലഫ്റ്റനൻ്റ് കേണൽ ഋഷി വ്യക്തമാക്കി. ആർമിയുടെ ആർജ്ജവത്തിന്റെ ഒരു തുമ്പ് മാത്രമാണ് ഞാൻ. എന്നെക്കാളും കരുത്തും ശേഷിയുമുള്ള ഒരുപാട് പേരുള്ളതാണ് ഇന്ത്യൻ ആർമി. അതിനാൽ തന്നെ ആദരവ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർമിയെ പ്രതിനിധീകരിച്ചല്ല ഗണേശോത്സവത്തിൽ പങ്കെടുക്കാനെത്തിയതെന്നും വ്യക്തിപരമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഋഷി രാജലക്ഷ്മിക്ക് പുറമേ ഡോ. സന്തോഷ് ഗീവറെയും ആദരിച്ചു. മേജർ രവി, സിനിമാ താരം മാളവിക മോനോൻ എന്നിവർ പങ്കെടുത്തു. ആട്ടം കലാസമിതിയും തൃശൂർ തേക്കിൻകാട് ബാൻഡും ചേർന്ന് ഫ്യൂഷൻ ബാൻഡും സംഘടിപ്പിച്ചു. പരിപാടിയുടെ ചിത്രങ്ങൾ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മുൻ കരസേന മേധാവി ബിപിൻ റാവത്ത് ‘ദി മോസ്റ്റ് ഫിയർലെസ് മാൻ (ഏറ്റവും ഭയമില്ലാത്ത മനുഷ്യൻ)’ എന്ന് വിശേഷിപ്പിച്ച സൈനികനാണ് ഋഷി രാജലക്ഷ്മി. 2017 മാർച്ച് നാലിന് കശ്മീരിലെ പുൽവാമയിൽ ഭീകരരെ വകവരുത്താനുള്ള ദൗത്യത്തിനിടെ ജയ്ഷെ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് സംഘത്തലവൻമാരെ അമർച്ചചെയ്ത ധീരജവാനാണ് അദ്ദേഹം.
ആ ഓപ്പറേഷനിൽ തന്നെക്കാൾ വലുത് രാജ്യമാണെന്ന വികാരം അലയടിച്ചു. ഭീകരാക്രമണത്തിൽ ഋഷിക്ക് ഗുരുതരമായി പരിക്കേറ്റു. മുഖം നേരെയാക്കുന്നതിനായി ഇതുവരെ 23 ശസ്ത്രക്രിയകളാണ് ചെയ്തത്. ഇതിന് ശേഷമാണ് മുഴുവൻ സമയവും മുഖാവരണം ധരിക്കുന്നതെന്ന് കേണൽ ഋഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഴ് വർഷത്തോളമായി പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യേഗസ്ഥനാണ് അദ്ദേഹം.