കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രം ഹിന്ദു സമാജത്തിന്റെ അഭയകേന്ദ്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിനയക ചതുർത്ഥിയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അദ്ദേഹം ജനംടിവി വാർത്താസംഘത്തോട് പ്രതികരിക്കുകയായിരുന്നു.
മിത്ത് വിവാദത്തിലുൾപ്പെടെ മളളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ. കേരളത്തിൽ ഹിന്ദു സമാജത്തിന് നഷ്ടമായ ആദ്ധ്യാത്മിക ഔന്നത്യം തിരിച്ചുകൊണ്ടുവരാനുളള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചുകാലമായി നടക്കുന്നത്. കേരളത്തെ വീണ്ടെടുക്കാൻ ആദ്ധ്യാത്മികമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ഭാഗവതഹംസം മളളിയൂർ ശങ്കരൻ നമ്പൂതിരിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് കാണുന്നതുപോലെ എന്തെങ്കിലും ഗിമ്മിക്ക് കാണിക്കുകയല്ല അദ്ദേഹം ചെയ്തത്. പാണ്ഡിത്യമുളള ഒരാൾ കൊച്ചുകുട്ടികൾക്ക് കഥ പറഞ്ഞു തരുന്നതുപോലെയാണ് ഭാഗവതത്തിലെ കഥകൾ അദ്ദേഹം പകർന്നു നൽകിയത്. സ്വന്തം ജീവിതത്തിലൂടെയാണ് അദ്ദേഹം ഈ സത്യങ്ങളെല്ലാം ജനങ്ങൾക്ക് കാണിച്ചു കൊടുത്തിട്ടുളളത്. ഭഗവാന്റെ ചരിത്രം സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അത്രയും ലളിതമായിട്ടാണ് സപ്താഹത്തിനും മറ്റും പറഞ്ഞുവച്ചത്.
നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും അത്രയും അവഗാഹം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മള്ളിയൂരിൽ എപ്പോഴും അദ്ദേഹത്തിന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. ലോകം മുഴുവനുളള ഹിന്ദുക്കളെ സംബന്ധിച്ച് വിനായക ചതുർത്ഥി വിശേഷപ്പെട്ട ദിവസമാണ്. സകല വിഘ്നങ്ങളും നീക്കാൻ ഭക്തർ ആവേശത്തോടെ വരുന്ന ക്ഷേത്രമാണ് മള്ളിയൂർ ഗണപതി ക്ഷേത്രമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇവിടുത്തെ പതിനായിരത്തെട്ട് നാളികേരത്തിന്റെ ഗണപതിഹോമവും ഗജപൂജയും ഭക്തർക്ക് നല്ല അനുഭൂതി നൽകുന്നതാണെന്നും ഏത് വിഘ്നവും നീക്കാൻ ഭക്തർ ഓടിയെത്തുന്ന ക്ഷേത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.