ന്യൂഡൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബർ 9, 10 തീയിതികളിൽ അദ്ദേഹം ഇന്ത്യയിലുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അബുദാബി കിരീടാവകാശിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാകുമിത്.
യുഎഇ മന്ത്രിമാരും ബിസിനസ് പ്രതിനിധികളും അബുദാബി കിരീടാവകാശിയോടൊപ്പം ഇന്ത്യയിലെത്തും. സെപ്റ്റംബർ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ, ഉഭയകക്ഷി ചർച്ചയും നടത്തും. രാഷ്‌ട്രപദി ദ്രൗപദി മുർമുവിനൊപ്പം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകം സന്ദർശിക്കും.
ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനം മുംബൈയിലേക്കാകും അബുദാബി കിരീടാവകാശി എത്തുക. അവിടെ ബിസിനസ് ഫോറത്തിൽ അദ്ദേഹവും ഒപ്പമുള്ള ബിസിനസ് പ്രതിനിധി സംഘവും പങ്കെടുക്കും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പരിപാടിയിൽ ഒത്തുചേരും.
കഴിഞ്ഞ ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി സന്ദർശിച്ചിരുന്നു. അവിടെ ‘Ahlan Modi’ പരിപാടിയിൽ പങ്കെടുക്കുകയും അബുദാബിയിലെ ഹിന്ദുക്ഷേത്രം നാടിന് സമർപ്പിക്കുകയും ചെയ്തിരുന്നു, ഈ സന്ദർശനത്തിനിടെയാണ് യുഎഇയുടെ പരമോന്നത ബഹുമതി പുരസ്കാരം സമ്മാനിച്ച് നരേന്ദ്രമോദിയെ യുഎഇ ഭരണകൂടം ആദരിച്ചത്.
ഇന്ത്യയും യുഎഇയും മികച്ച വ്യാപാര പങ്കാളികളാണ്. 2022-23 സാമ്പത്തിക വർഷത്തിൽ 85 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപരമായിരുന്നു ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയിരുന്നത്.