കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ തിരുത്ത്. ബലാത്സംഗം നടന്ന തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലാണ് യുവതി മൊഴി നൽകി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി മൊഴിയെടുപ്പിന് ശേഷം പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
” ഞങ്ങളുടെ സാമ്പത്തിക സ്രോതസ് അറിയാനാണ് ഇത്രയും സമയം പിടിച്ചിരുത്തിയത്. ഞങ്ങൾ ഇത്രയും കാലം എങ്ങനെയാണ് ജീവിച്ചതെന്നാണ് അവർക്ക് അറിയേണ്ടത്. ഡേറ്റ് ഉറക്കപ്പിച്ചിൽ ചുമ്മാ അങ്ങ് പറഞ്ഞ് പോയതാണ്. കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം പൊലീസിന്റേതാണ്. കേസ് അട്ടിമറിക്കുന്നതായി സംശയമുണ്ട്. ഉള്ള വിശ്വാസം മൊത്തം പോയിരിക്കുകയാണ്”-യുവതി പറഞ്ഞു.
നിവിൻ പോളിക്കെതിരെ നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി . 2023 ഡിസംബർ 14, 15 ,16 തീയതികളിലാണ് പീഡനം നേരിട്ടെതെന്ന് യുവതി തന്നെയാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
യുവതി പറഞ്ഞ തീയതികളിലെല്ലാം നിവിൻ നാട്ടിലുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിവിൻ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് താരങ്ങളായ വിനീത് ശ്രീനിവാസവും പാർവതി കൃഷ്ണയും ഭഗതും വെളിപ്പെടുത്തിയിരുന്നു. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ.















