ബംഗ്ലാദേശിനോട് നാട്ടിൽ നാണംകെട്ട പാകിസ്താൻ ടീമിനെ ഉടച്ചുവാർക്കലിന് വിധേയമാക്കാൻ പിസിബിയുടെ തീരുമാനം. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ബാബർ അസമിനെയും ടെസ്റ്റിൽ നിന്ന് ഷാൻ മസൂദിനെയും നായക സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് സൂചന. ജിയോ ടിവിയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
ആഭ്യന്തര ടൂർണമെന്റായ വൺ ഡേ കപ്പിൽ ബാബറിനെ നായകനാക്കാതിരുന്നത് ഇതിന്റെ ഭാഗമെന്നാണ് വിലയിരുത്തൽ. അഞ്ചു ടീമുകളെ നയിക്കുന്നത് റിസ്വാൻ, ഷഹീൻ അഫ്രീദി, ഷദാബ് ഖാൻ, മൊഹമ്മദ് ഹാരീസ്, സൗദ് ഷക്കീൽ എന്നിവരാണ്. ഈ വർഷം അവസാനത്തോടെ ബാബറെ പുറത്താക്കി പുതിയ ക്യാപ്റ്റനെ നിയമിച്ചേക്കും. നവംബറിലെ ഓസ്ട്രേലിയൻ പരമ്പരയ്‌ക്ക് മുൻപ് നിയമനം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. റിസ്വാന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്.
ഏകദിന ലോകകപ്പിന് ശേഷം രാജിവച്ച ബാബറിനെ നായക സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവന്നത് പുതിയ പിസിബി ചെയർമാനായ മെഹ്സിൻ നഖ്വവിയായിരുന്നു. ഷാൻ മസൂദിനെ ടെസ്റ്റിൽ നായകനാക്കിയതും നഖ്വിവിയുടെ തീരുമാനമായിരുന്നു. എന്നാൽ ഇതെല്ലാം പാളുന്നതാണ് പിന്നീട് കണ്ടത്. മുൻതാരങ്ങൾ മൂവർക്കെതിരെയും വാളോങ്ങി നിൽക്കുകയാണ്. ഇതോടെയാണ് ഒരു പൊളിച്ചടുക്കലിന് ടീം വിധേയമാകുന്നത്.















