ശ്രീനഗർ: ഭീകരവാദികളെയും വിഘടനവാദികളെയും മോചിപ്പിച്ച് കശ്മീരിൽ വീണ്ടും അസ്ഥിരത പടർത്താനാണ് നാഷണൽ കോൺഫറൻസ് (NC) – കോൺഗ്രസ് സഖ്യത്തെ ശ്രമമെന്ന് വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിൽ വർഷങ്ങൾക്ക് ശേഷം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മുവിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശ്‌നക്കാരെ ഞങ്ങൾ ജയിലിലടച്ചു. എന്നാൽ ഈ കല്ലേറുകാരെ ജയിലിൽ നിന്ന് പുറത്തിറക്കാനാണ് നാഷണൽ കോൺഫറൻസിന്റെയും കോൺഗ്രസിന്റെയും ശ്രമം. രജൗരിയിലും പൂഞ്ചിലും ഭീകരത വളരണമെന്ന് അവർ ആഗ്രഹിക്കുന്നു. പാക് അതിർത്തി കടന്നുള്ള വ്യാപാരം പുനരാരംഭിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇതിൽ നിന്നെല്ലാം ആർക്കാണ് പ്രയോജനം ലഭിക്കുക?- അമിത് ഷാ ചോദിച്ചു.
എൻസി-കോൺഗ്രസ് സഖ്യവും മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) ചേർന്ന് കശ്മീർ താഴ്വരയെ ഭീകരതയുടെ തീച്ചൂടിലേക്ക് തള്ളിവിടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജമ്മുകശ്മീർ കൊള്ളയടിച്ചത് മൂന്ന് കുടുംബങ്ങൾ ചേർന്നാണ്. എൻസിയും കോൺഗ്രസും അധികാരത്തിലേക്ക് തിരിച്ചുവന്നാൽ ഭീകരവാദം വീണ്ടും തഴച്ചുവളരും. ഏതുവിധിയാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ജമ്മുവിലെ ജനങ്ങളാണ്. ബിജെപി അധികാരത്തിലെത്തിയാൽ ഭീകരവാദം തലപൊക്കാൻ ഒരിക്കലും അനുവദിക്കില്ല. കശ്മീരിൽ സമാധാനം പൂർണമായും പുനഃസ്ഥാപിക്കുന്നതുവരെ പാകിസ്താനുമായി സമാധാന ചർച്ച പുനരാരംഭിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.















