ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 32 കേസുകൾ രജിസ്റ്റർ ചെയ്തു. പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റ് നടത്തിയ ഓപ്പറേഷനിൽ നിരോധിത സംഘടനയിൽ അംഗങ്ങളായ 33 പേർ പ്രവിശ്യയിലെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റിലായി. 475ഓളം പേരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അൽ-ഖ്വയ്ദ, 133 ബ്രിഗേഡ്, സിപ സാഹബ പാകിസ്താൻ, ലഷ്കർ ജാംഗ്വി, തെഹ്രീക് ജഫറിയ പാകിസ്താൻ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും മറ്റ് മാരകായുധങ്ങളും പിടികൂടിയിട്ടുണ്ട്. രണ്ട് ഹാൻഡ് ഗ്രനേഡുകൾ, രണ്ട് ഐഇഡി ബോംബുകൾ, 26 ഡിറ്റോണേറ്റേഴ്സ്, സേഫ്റ്റി ഫ്യൂസ് വയർ, നാല് പിസ്റ്റലുകൾ, ബുള്ളറ്റുകൾ, നിരോധിത സാഹിത്യങ്ങൾ എന്നിവ ഭീകരരുടെ കൈവശം കണ്ടെത്തിയിരുന്നു.















