പൂനെ: ഭക്ഷണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ ലോറി റസ്‌റ്റോറന്റിലേക്ക് ഇടിച്ചുകയറ്റി ഡ്രൈവർ. പൂനെ – സോലാപൂർ ഹൈവേയിലായിരുന്നു സംഭവം. റസ്‌റ്റോറന്റ് ഉടമയുടെ പരാതിയെ തുടർന്ന് മധ്യപ്രദേശിൽ നിന്നുളള 26 കാരനായ ലോറി ഡ്രൈവർ അമിത് കുമാർ ജോകുൽലാൽ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെളളിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് റസ്‌റ്റോറന്റ് ഉടമ പറഞ്ഞു. ഇയാൾ ഹൈവേയിൽ വാഹനം നിർത്തി റസ്റ്റോറന്റിലെത്തി കഴിക്കാൻ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ മദ്യലഹരിയിലാണെന്ന് മനസിലായതിനാൽ കുടുംബമായി ആളുകൾ കഴിക്കാൻ വരുന്ന കടയാണെന്നും മദ്യം അനുവദിക്കാനാകില്ലെന്നും റസ്റ്റോറന്റ് മാനേജർ പറഞ്ഞു.
ഇതോടെ രോഷാകുലനായ അമിത് കുമാർ ‘എന്റെ ലോറി കൊണ്ട് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാണിച്ചുതരാം’ എന്ന് പറഞ്ഞ് വാഹനത്തിൽ കയറി പിന്നോട്ട് എടുത്ത് ഹോട്ടലിനുളളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. റസ്‌റ്റോറന്റിന്റെ പോർച്ചിലേക്കാണ് ഇയാൾ വാഹനം ഓടിച്ചുകയറ്റിയത്. ഇവിടുത്തെ അലങ്കാരങ്ങൾക്ക് ഉൾപ്പെടെ കേടുപറ്റിയതായി മാനേജർ പറഞ്ഞു.
പരിഭ്രാന്തരായ ആളുകൾ ഇയാളെ പിടികൂടുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. ഹൈദരാബാദിൽ നിന്ന് പൂനെയിലേക്ക് സ്റ്റീലുമായി പോകുകയായിരുന്നു ലോറി.