ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട ഏഴ് ഐഎസ് ഭീകരർ പിടിയിൽ. ഇന്തോനേഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇന്തോനേഷ്യയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഡിറ്റാച്ച്‌മെൻ്റ്-88ന്റെ പ്രസ്താവനയിൽ പറയുന്നു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളിൽ നിന്ന് ഭീകരരെ അറസ്റ്റ് ചെയ്തത്. ജക്കാർത്ത, ബൊഗോർ, ബെകാസി, വെസ്റ്റ് സുമാത്ര പ്രവിശ്യ, ബങ്ക ബെലിറ്റംഗ് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. 2019-ൽ ഇന്തോനേഷ്യയുടെ മുൻ ചീഫ് സെക്യൂരിറ്റി മന്ത്രി വിറാൻ്റോയെ അക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലാവരിൽ ഒരാൾ.
ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മോസ്കിൽ സന്ദർശനം നടത്തിയതിൽ പ്രകോപിതരായാണ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മാർപാപ്പയുടെ സന്ദർശന സമയത്ത്, ഇസ്ലാമിക് പ്രാർത്ഥനയ്‌ക്ക് ആഹ്വാനം ചെയ്യുന്ന അറിയിപ്പുകളും മറ്റും സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ടിവി സ്റ്റേഷനുകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതും ഇവരെ ചൊടിപ്പിച്ചതായാണ് വിവരം.















