തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ. 356 വിവാഹങ്ങൾക്കാണ് ഇന്നെലെ വൈകിട്ട് വരെ ശീട്ടെടുത്തത്. ബുക്കിങ്ങിനു പുറമേ ഇന്ന് നട അടയ്‌ക്കുന്നതുവരെ നേരിൽ എത്തി വിവാഹം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ട് മണ്ഡപങ്ങൾ അധികം സജ്ജമാക്കി
ആറ് മണ്ഡപങ്ങളാണ് വിവാഹങ്ങൾ നടക്കുന്നത്.
ചിങ്ങമാസത്തിലെ ചോതി നക്ഷത്രം ശുഭ മുഹൂർത്തത്തിൽ ഇന്ന് പുലർച്ചെ നാല് മണി മുതലായിരുന്നു വിവാഹങ്ങൾ ആരംഭിച്ചത്. എല്ലാ മണ്ഡപങ്ങളും ഒരേ പോലെ പുഷ്പാലകൃതമായിരുന്നു. ചടങ്ങിന് മാറ്റുകൂട്ടാൻ നാദസ്വര മേളക്കാരുമുണ്ടായിരുന്നു. കോയ്മക്കാരാണ് മണ്ഡപങ്ങളുടെ മേൽനോട്ടം വഹിച്ചത്. ടോക്കൺ ക്രമത്തിലാണ് നവദമ്പതികളെ മണ്ഡപത്തിലേക്ക് കടത്തിവിട്ടത്. വിശ്രമിക്കുന്നതിനായി മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപം നിർമിച്ച പന്തലിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കി. ഫോട്ടോഗ്രാഫർമാർ അടക്കം 24 അംഗ സംഘത്തിനാണ് മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചത്.
തിരക്ക് കണക്കിലെടുത്ത ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം ശയനപ്രദക്ഷിണം, അടി പ്രദക്ഷിക്കണം എന്നിവ ഒഴിവാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രനടയിൽ 100 പൊലീസുകാരും ദേവസ്വം സുരക്ഷാ ജീവനക്കാരായി 50 പേരുമുണ്ട്.















