ഇടുക്കി: ആന ഇറങ്ങിയിട്ടുണ്ടെന്നും ഉടനെത്തണമെന്ന് ആവശ്യപ്പെട്ട നാട്ടുകാരനോട് വാഹനത്തിൽ ഡീസലടിക്കാൻ പണമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ. പയസ്നഗറിലെ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥനാണ് സർക്കാർ വാഹനത്തിൽ ഡീസൽ ഇല്ലെന്ന മറുപടി നൽകിയത്. പിന്നാലെ നാട്ടുകാരനും ഉദ്യോഗസ്ഥനും തമ്മിൽ വാക്കു തർക്കമുണ്ടായി.
ഇന്ന് രാവിലെ ആറ് മണിക്കാണ് ആനയിറങ്ങിയത്. ആന എത്തിയിട്ടുണ്ടെന്നും പ്രദേശമാകെ ഭീതി പരത്തി വിലസുകയാണെന്നുമാണ് നാട്ടുകാരനായ ഒരാൾ വനം വകുപ്പിനെ അറിയിച്ചത്. ഡീസലടിക്കാൻ പണമില്ലെന്നും അതിനാൽ വരാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥൻ മറുപടി നൽകി. സർക്കാർ പണം നൽകിയാലേ ഡീസലടിക്കാൻ സാധിക്കൂവെന്നും വിശദീകരണം നൽകി. വനം വകുപ്പ് ഓഫീസിലെത്തിയാൽ സർക്കാർ ഡീസലടക്കാൻ പണം നൽകിയില്ലെന്ന് എഴുതി നൽകുമോയെന്നും നാട്ടുകാരൻ ഫോണിലൂടെ ചോദിക്കുന്നുണ്ട്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ എല്ലാ വകുപ്പുകളെയും സാരമായി ബാധിക്കുന്നുണ്ടെന്നതിനുള്ള തെളിവാണ് ഈ സംഭവം. വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട സർക്കാർ വകുപ്പാണ് ഇത്തരത്തിൽ അലസമായി മറുപടി പറയുന്നത്. സംഭവം സമൂഹമാദ്ധ്യമങ്ങളിലടക്കം വൻ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.















