ശ്രീനഗർ: പാകിസ്താൻ കരസേന മേധാവി അസിം മുനീർ അടുത്തിടെ നടത്തിയ പ്രസ്താവനകൾക്ക് മറുപടി നൽകി ഇന്ത്യയുടെ മുതിർന്ന പ്രതിരോധ വിദഗ്ധൻ അനിൽ ഗൗർ. കശ്മീർ ആരുടേതാണെന്ന് ലോകത്തിന് മുഴുവൻ അറിയാം കാർഗിൽ യുദ്ധം കഴിഞ്ഞ് 75 വർഷങ്ങൾ കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പാകിസ്താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സൈനിക ശക്തിയുമായി പാകിസ്താനെ താരതമ്യം ചെയ്യുന്നത് പോലും നിർത്താനുള്ള സമയം അധികരിച്ചിരിക്കുന്നു. അവർ ഇന്ത്യയെ ഒരു എതിരാളിയായി കണ്ട് സമയം കളയുന്നതിനുപകരം സ്വന്തം ജനങ്ങളെ ബാധിക്കുന്ന പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായെന്ന് അനിൽ ഗൗർ പറഞ്ഞു. പാകിസ്താൻ തങ്ങളുടെ ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കുമായി ചിലവഴിക്കുന്ന പണം പൊതുജനങ്ങൾക്ക് വേണ്ടി വിനിയോഗിക്കാൻ ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1999ൽ നടന്ന കാർഗിൽ യുദ്ധത്തിൽ പാകിസ്താനുള്ള പങ്ക് അംഗീകരിച്ച് അടുത്തിടെ പാക് കരസേനാ മേധാവി അസിം മുനീർ രംഗത്തെത്തിയിരുന്നു. പാകിസ്താനിലെ പ്രതിരോധ ദിനത്തോടനുബന്ധിച്ച് നടന്ന പൊതു പരിപാടിയിലാണ് അദ്ദേഹം വിഷയത്തിൽ ഒരു പരസ്യപ്രതികരണം നടത്തിയത്. ഇതാദ്യമായാണ് പാക് സൈന്യത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കാർഗിൽ യുദ്ധത്തിൽ പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം അംഗീകരിച്ചുകൊണ്ട് പ്രസ്താവന നടത്തുന്നത്.