ശ്രീനഗർ: അഫ്സൽ ഗുരുവിനെ അനുകൂലിച്ച നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന ഭീകരവാദികൾക്കുള്ള മറുപടി തൂക്കുകയർ തന്നെയാണെന്ന് ജമ്മുകശ്മീർ റംബാനിലെ പ്രചാരണ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
അഫ്സൽ ഗുരുവിനെ തൂക്കി കൊല്ലാതെ പരസ്യമായി പൂമാല ചാർത്തണമായിരുന്നോ എന്ന് രാജ്നാഥ് സിംഗ് ചോദിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മുകശ്മീരിൽ ഭീകരവാദത്തിന്റെ മുനയൊടിഞ്ഞു. മുമ്പ് തോക്കും ബോംബും പിടിച്ചിരുന്ന കൈകൾ ഇന്ന് കമ്പ്യൂട്ടറും തൊഴിലുപകരണങ്ങളും കൈകാര്യം ചെയ്യുകയാണ്. ഇനി ആർക്കും ആർട്ടിക്കിൾ 370 തിരിച്ച് കൊണ്ടുവരാനുള്ള ധൈര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഭീകരവാദത്തെ അനുകൂലിക്കുന്ന പ്രസ്താവ ഒമർ അബ്ദുള്ള നടത്തിയത്. പാർലമെന്റ് അക്രമണത്തിലെ കുറ്റവാളി അഫ്സൽ ഗുരുവിന് വധശിക്ഷ നൽകേണ്ടിയിരുന്നില്ല. വധശിക്ഷ കൊണ്ട് യാതൊരു ഗുണവും ഉണ്ടായില്ല. ഞങ്ങൾക്ക് അധികാരം ഉണ്ടായിരുന്നെങ്കിൽ വധശിക്ഷയ്‌ക്ക് അനുമതി നൽകില്ലെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ വിവാദ പരാമർശം. പ്രസ്താവനയക്ക് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഒമർ അബ്ദുള്ളയ്‌ക്ക് നേരെ ഉയരുന്നത്.
ഒരു പതിറ്റാണ്ടിന് ശേഷം താഴ്വരയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ നാഷണൽ കോൺഫറൻസുമായി ചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഒമറിനോടുള്ള നിലപാട് രാഹുലും കോൺഗ്രസും വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദറായ് ആവശ്യപ്പെട്ടു. വോട്ട് ബാങ്ക് സംരക്ഷിക്കാൻ വിഘടവാദികളെ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.