104 ദിവസത്തെ വിശ്രമമില്ലാത്ത ജോലിയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം യുവാവ് മരിച്ചു. പെയിന്ററായി ജോലി ചെയ്തിരുന്ന അബാവോ എന്ന ചൈനീസ് യുവാവാണ് മരിച്ചത്. വിശ്രമമില്ലാത്ത ജോലിയെ തുടർന്ന് ന്യൂമോകോക്കൽ അണുബാധ ബാധിച്ചതാണ് മുപ്പതുകാരന്റെ മരണത്തിലേക്ക് നയിച്ചത്. 104 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നതിനിടയിൽ ഒരു ദിവസം മാത്രമാണ് ഇയാൾ അവധിയെടുത്തത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അബാവോ ഒരു കമ്പനിയുമായി കരാർ ഏർപ്പെട്ടിരുന്നു. ഇത് പ്രകാരം ഈ 2024 ജനുവരി ഒന്നുവരെ കമ്പനിക്ക് വേണ്ടി ജോലി ചെയ്യണം. കരാർ ഒപ്പിട്ടതിനെത്തുടർന്ന്, കിഴക്കൻ ചൈനീസ് പ്രവിശ്യയായ ഷെജിയാങ്ങിലുള്ള ഒരു പ്രോജക്ടിലേക്ക് അബാവോയെ നിയമിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മെയ് വരെ തുടർച്ചയായി 104 ദിവസം ഇയാൾ ജോലി ചെയ്തു, ഏപ്രിൽ 6 ന് മാത്രമണിയാൾക്ക് ഒരു ദിവസത്തെ വിശ്രമം ലംഭിച്ചത്.
മെയ് 28 ന് അസുഖ ബാധിതനായി ആശുപത്രയിൽ പ്രവേശിപ്പിച്ച അബാവോയ്ക്ക് ശ്വാസകോശത്തിൽ അണുബാധയും ശ്വാസതടസ്സവും ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി. ആരോഗ്യ നില മോശമായതിനെതുടർന്ന് ജൂൺ ഒന്നിന് അദ്ദേഹം മരിച്ചു. കമ്പനിക്കെതിരെ അബാവോയുടെ കുടുംബം കോടതിയെ സമീപിച്ചു. അബാവോയുടെ മരണത്തിന് 20% ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്ന് വിധിച്ച ചൈനീസ് കോടതി കുടുംബത്തിന് നഷ്ടപരിഹാരമായി 400,000 യുവാൻ (ഏകദേശം 47,46,000 രൂപ ) നൽകാനും ഉത്തരവിട്ടു.