ഷിംല: രണ്ടാം ലോക മഹായുദ്ധ സേനാനി ലാൻസ് നായിക് ചരൺ സിംഗിന്റെ നൂറാം ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ സൈന്യം. ഹിമാചൽ പ്രദേശിലെ റോപർ ജില്ലയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് സൈനികർ ജന്മദിനം ആഘോഷിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ആർമി സർവീസ് കോർപ്സിൽ സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് സിംഗ്. 17 വർഷത്തെ സേവനത്തിന് ശേഷം 1959-ലാണ് അദ്ദേഹം വിരമിച്ചത്.
1924 സെപ്റ്റംബർ ഏഴിന് ജനിച്ച അദ്ദേഹം, 1942 ഓഗസ്റ്റ് 26-ന് ഫിറോസ്പൂർ കൻ്റോൺമെൻ്റിൽ നിന്നാണ് സൈനിക സേവനം ആരംഭിക്കുന്നത്. പിന്നീട് ലാഹോറിലും യോൾ കൻ്റോൺമെൻ്റിലും സേവനമനുഷ്ഠിച്ചു. കരസേനയിൽ സേവനം ചെയ്യുന്ന കാലത്ത് ബർമ സ്റ്റാർ അവാർഡും ഇന്ത്യൻ ഇൻഡിപെൻഡൻസ് മെഡലും ലഭിച്ചിട്ടുണ്ട്. 1959 മെയ് 17 ന് അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചു.
നാല് ആൺമക്കൾക്കും രണ്ട് പെൺമക്കൾക്കും ഒപ്പം റോപ്പറിലെ ദേക്‌വാല ഗ്രാമത്തിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. ലാൻസ് നായിക് ചരൺ സിംഗിനെ പോലുള്ള വിമുക്തഭടന്മാരുടെ ത്യാഗങ്ങൾ ആദരിക്കപ്പെടേണ്ടതാണെന്ന് സൈന്യം പ്രസ്താവനയിലൂടെ പറഞ്ഞു. ഒരു സൈനികൻ എല്ലാ കാലത്തും സൈനികനാണ്. സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണവർ. രാജ്യത്തെ സേവിച്ചു എന്നതിനപ്പുറം വളരെ വിശിഷ്ഠമാണവരുടെ സംഭാവനകളെന്നും സൈന്യം കൂട്ടിച്ചേർത്തു.