കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി മാതാപിതാക്കൾ. പൊലീസ് കുറ്റകൃത്യത്തെ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മകൾക്ക് നീതി ലഭിക്കുന്നത് വരെ സമരരംഗത്ത് തുടരുമെന്നും, മകൾക്ക് വേണ്ടി ആയിരങ്ങൾ പ്രതിഷേധം തീർക്കുന്നത് പോരാടാനുള്ള ധൈര്യം നൽകുകയാണെന്നും പിതാവ് പറഞ്ഞു.
” എന്റെ മകൾക്ക് ഒരിക്കലും നീതി എളുപ്പത്തിൽ ലഭിക്കില്ലെന്ന് വ്യക്തമായി. ഒരുപക്ഷേ പോരാടി തന്നെ അത് നേടിയെടുക്കേണ്ടി വരും. എല്ലാവരുടേയും സഹായമില്ലാതെ അത് ലഭിക്കില്ല. ഇന്ന് അവൾക്ക് വേണ്ടി ഓരോരുത്തരും ഈ പോരാട്ടം തുടരാൻ തങ്ങൾക്ക് ശക്തി പകരുന്നുണ്ടെന്നും” പിതാവ് വ്യക്തമാക്കി. തന്റെ മകൾ അനുഭവിച്ച വേദനയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും, അങ്ങനെ ഓർക്കുമ്പോൾ തന്നെ വിറച്ചു പോവുകയാണെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു.
” അന്ന് രാത്രിയിൽ എന്റെ മകൾ എത്രത്തോളം വേദന അനുഭവിച്ചു എന്ന് ആലോചിക്കുമ്പോൾ തന്നെ വിറച്ചു പോവുകയാണ്. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച കുട്ടിയാണ് അവൾ. ഇപ്പോൾ ഊ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ള ഓരോരുത്തരും എന്റെ മക്കൾ തന്നെയാണെന്നും” അമ്മ പറയുന്നു. അതേസമയം കൊൽക്കത്ത പൊലീസ് തങ്ങളെ സഹായിച്ചില്ലെന്നും ഇവർ ആരോപിച്ചു.
” തുടക്കം മുതൽ തന്നെ പൊലീസുകാർ ഞങ്ങളുമായി സഹകരിച്ചിരുന്നില്ല. അവർ സഹായിച്ചിരുന്നെങ്കിൽ ഇന്നും എല്ലാം പ്രതീക്ഷയോടെ തന്നെ നോക്കിക്കാണുമായിരുന്നു. എന്നാൽ കുറ്റകൃത്യം നടന്നതിന് ശേഷവും അത് മൂടിവയ്ക്കാനാണ് പൊലീസുകാർ ശ്രമിച്ചത്. തെളിവുകളെല്ലാം നശിക്കപ്പെടുന്ന സാഹചര്യമായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 14 മണിക്കൂർ വൈകിയത് തന്നെ ആശുപത്രി അധികൃതരും പൊലീസും തമ്മിലുള്ള പങ്ക് തെളിയിക്കുന്നത്. മകൾ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് കുറ്റം മൂടിവയ്ക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും” ഇരുവരും ആരോപിച്ചു.