തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ നിരന്തരമായി അവഹേളിക്കുകയാണന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി. മുരളീധരൻ. തൃശൂർ പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപിയെ ജനങ്ങൾ വിജയിപ്പിച്ചത് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സതീശന്റെ അവഹേളനം ബിജെപിയോടല്ല ജനങ്ങളോടാണെന്ന് മുരളീധരൻ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
1275 ബൂത്തുകളിൽ വി.ഡി സതീശന്റെ സ്ഥാനാർഥി മൂന്നാം സ്ഥാനത്താണ്. 620 സ്ഥലത്തെ നേതാക്കൾക്കെതിരെ നടപടി വേണമെന്നും തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നും കെ. മുരളീധരൻ പരസ്യമായി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം ടി. എൻ പ്രതാപനെതിരെയും ജില്ലാ പ്രസിഡന്റിനെതിരെയും പ്രവർത്തകർ തന്നെ മുന്നോട്ട് വരുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതൊക്കെ തൃശൂർ പൂരം കലക്കിയത് കൊണ്ടാണോയെന്നും വി.മുരളീധരൻ ചോദിച്ചു.
പൂരം കലക്കിയത് കേരളത്തിലെ പൊലീസാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറാവണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയിൽ ആർഎസ്എസിനെ വലിച്ചെഴയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഞാൻ സഹകാരണാത്മക പ്രതിപക്ഷനേതാവാണെന്ന് മുൻപേ വ്യക്തമാക്കിയ ആളാണ് വി.ഡി സതീശൻ. കേരളത്തിൽ വന്ന് ഇവിടുത്തെ ക്ഷേത്രോത്സവം കലക്കാൻ ആർഎസ്എസ് നേതൃത്വം നൽകിയെന്ന സതീശന്റെ ആരോപണം സാമാന്യ ബുദ്ധിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ല. ആർഎസ്എസ് ചുമതലയുള്ളവർ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു എന്ന് പറയുന്നവർക്ക് അവരുടെ ജീവിതരീതി പരിചയമില്ലാത്തത് കൊണ്ടാണ്. ജവഹർലാൽ നെഹ്‌റു ആർഎസ്എസിനെ റിപ്പബ്ലിക് ഡേ പരേഡിന് ക്ഷണിച്ച കാര്യം സതീശൻ മറക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു.
സതീശൻ ഇപ്പോൾ പ്രകടിപ്പിക്കുന്നത് കപട ഹിന്ദുസ്നേഹമാണ്. ശബരിമലയിൽ ആചാരലംഘനം നടന്നപ്പോൾ സതീശനും കൂട്ടരും എവിടെയായിരുന്നു. അന്ന് ആർഎസ്എസും ബിജെപിയും മാത്രമാണ് ഹിന്ദുക്കൾക്കൊപ്പം ഉണ്ടായത്.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാത്തവരാണ് കോൺഗ്രസുകാർ. പല ആരോപണങ്ങളെയും വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.















