തൃശൂർ: വയനാടിന്റെ പുനരധിവാസത്തിന് മുൻകയ്യെടുത്ത് സേവാഭാരതി. മുപ്പൈനാട് പഞ്ചായത്തില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തി ഭവന നിര്‍മാണ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കും. മാനസിക പുനരധിവാസത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ‘പുനര്‍ജ്ജനി പദ്ധതി’ക്കും തുടക്കം കുറിച്ചു. ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ പഠന സഹായത്തിനായി സ്‌കോളർഷിപ്പ് പദ്ധതിക്കും തുടക്കമായി.
സ്കൂൾ തലം മുതൽ പ്രൊഫഷണൽ കോളേജ് തലം വരെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടാകും. ദേശീയ സേവാഭാരതി കേരളം ആപത്ത് സേവ ടീം തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി സേവാഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
തൃശൂർ ഭാരതീയ വിദ്യാഭവനിൽ നടന്ന ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആര്‍എസ്എസ് അഖില ഭാരതീയ സഹ സേവാപ്രമുഖ് രാജ്കുമാര്‍ മഠാലെ മുഖ്യ പ്രഭാഷണം നടത്തി. 28 അംഗ നിർവാഹക സമിതിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.















