ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സംശയത്തിന്റെ നിഴലിൽ നിൽക്കവേ വിശദീകരണവുമായി ഡി. കെ ശിവകുമാർ. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനമെന്നും ഒപ്പം കുടുംബാംഗങ്ങളുമുണ്ടെന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. ‘വ്യക്തിപരമായ കാര്യങ്ങളിൽ’ എന്തൊക്കെ ഉൾപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലല്ലോയെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യം.
ഇന്നലെ അമേരിക്കയിലേക്ക് പുറപ്പെട്ട ഡി. കെ ശിവകുമാർ മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക് ഒബാമയെയും അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസിനെയും സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്ത അടിസ്ഥാന രഹിതമെന്ന് അവകാശവാദവുമായി ശിവകുമാർ രംഗത്തെത്തിയത്. സെപ്റ്റംബർ 15 വരെയാണ് അദ്ദേഹത്തിന്റെ യുഎസ് സന്ദർശനമെന്ന വിവരം മാത്രമാണ് പുറം ലോകത്തിന് അറിയാവുന്നത്. മറ്റ് വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇതാണ് സംശയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. യുഎസ് സന്ദർശനം സംബന്ധിച്ച് എഐസിസി പ്രസിഡൻ്റിന് എഴുതിയ കത്ത് അദ്ദേഹം മാദ്ധ്യമങ്ങൾക്ക് കൈമാറിയെങ്കിലും സംശയങ്ങൾ ഇനിയും ബാക്കിയാണ്.
നാളെയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായി കമലാ ഹാരിസ് ചർച്ച നടത്തുന്നത്. ഇതിന് മുന്നോടിയായാണ് ഡികെ ശിവകുമാറിന്റെ അമേരിക്കൻ സന്ദർശനം. കമലാ ഹാരിസുമായി നല്ല ബന്ധം പങ്കിടുന്നതിനാൽ സ്വകാര്യ കൂടിക്കാഴ്ചയ്‌ക്കുള്ള സാധ്യതയും വിദഗ്ധർ തള്ളികളയുന്നില്ല. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ പ്രതിപക്ഷ നേതാവ് രാഹുലും ഇതേ സമയത്ത് തന്നെയാണ് അമേരിക്കൻ സന്ദർശനം നടത്തുന്നത് എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടോയെന്ന സംശയം ഉൾപ്പടെ ഉയരുന്നുണ്ട്. കോൺഗ്രസ് നേതാക്കളുടെ സന്ദർശനങ്ങൾ കല്ലുകടികൾക്ക് കാരണമാകുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ഗൂഢ ശ്രമമാണ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നയതന്ത്ര വിദഗ്ധർ ഉൾപ്പടെ അഭിപ്രായപ്പെടുന്നുണ്ട്.















