തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. വ്യക്തിപരമായ കൂടികാഴ്ചയിൽ തെറ്റുപറയാനാവില്ല. ആര്‍എസ്എസ് എന്നത് രാജ്യത്തെ പ്രധാന സംഘടനയാണെന്നും ഷംസീർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പിവി അൻവറിന്റെ ഫോൺ ചേർത്തൽ വാദങ്ങളും സ്പീക്കർ തള്ളി. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു.
‘എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തിപരമായ കൂടികാഴ്ചകളിൽ തെറ്റില്ല.അദ്ദേഹം തന്നെ പറഞ്ഞത് സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്നാണ്. അതൊന്നും വലിയ ഗൗരവത്തോടെ കാണേണ്ടതില്ല. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാന സംഘടനയാണ്.
കണ്ടതില്‍ അപാകതയുള്ളതായി തോന്നുന്നില്ല.അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണം അഭ്യൂഹമാണ്. അടിസ്ഥാനമില്ല. ഊഹാപോഹങ്ങളിൽ പ്രതികരിക്കാനാകില്ല. . ബിസിനസുകാരനായ അന്‍വറിനെ ഈ രീതിയിലാക്കുന്നതില്‍ നിങ്ങള്‍ വലിയ പങ്കുവഹിച്ചില്ലേ? എന്നു മുതലാണ് അൻവറിനോട് മാദ്ധ്യമങ്ങൾക്ക് മൊഹബത്ത് തോന്നിയതെന്നും സ്പീക്കർ ചോദിച്ചു.