കോഴിക്കോട്: യുവാവിന്റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയുടേതാണ് നടപടി.
50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. കോഴിക്കോട് മങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പീഡന പരാതി നൽകിയത്. ലൈംഗികാതിക്രമ കുറ്റം ചുമത്തി കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവിൽ വച്ചാണ് രഞ്ജിത്ത് യുവാവിനോട് ലൈംഗികാതിക്രമം നടത്തിയത്. അവസരം ചോദിച്ചുവന്ന തന്നോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. 2012-ലായിരുന്നു കേസിനാസ്പദമായ സംഭവം.
ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി യുവാവ് രംഗത്തെത്തിയത്. പരാതി പൊലീസിന് കൈമാറിയ യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തിരുന്നു.















