ന്യൂഡൽഹി: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ച് സിബിഐ. പ്രതികളായ മുസ്സാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.
കഫേയിൽ ബോംബ് സ്ഥാപിച്ചത് താഹയും ഷാസിബും ചേർന്നായിരുന്നു. 2020ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ അൽ-ഹിന്ദ് മൊഡ്യൂൾ തകർത്തതിന് പിന്നാലെ ഒളിവിൽ കഴിയുന്നവരായിരുന്നു ഇരുവരുമെന്നാണ് കുറ്റപത്രം.
പ്രതികളിലൊരാൾ ബെംഗളൂരുവിലെ ബിജെപി ഓഫീസ് തകർക്കാൻ ആസൂത്രണം ചെയ്തിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. 2024 ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന വേളയിൽ ബെംഗളൂരുവിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെയാണ് രാമേശ്വരം കഫേയിൽ ബോംബ് വച്ചതെന്നും എൻഐഎ കണ്ടെത്തി.
രാമേശ്വരം കഫേയിൽ സ്ഫോടനം നടന്ന് 42 ദിവസത്തിന് ശേഷം പശ്ചിമ ബംഗാളിൽ നിന്നായിരുന്നു കേസിലെ മുഖ്യപ്രതിയെ എൻഐഎ പിടികൂടിയത്. കേസിലെ രണ്ട് പ്രതികളും കർണാടകയിലെ ശിവമോഗ ജില്ലയിൽ നിന്നുള്ളവരാണ്. മുഴുവൻ പ്രതികളും ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളെ പിന്തുടർന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
രാമേശ്വരം കഫേ സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിൽ മാർച്ച് ഒന്നിനായിരുന്നു ഭീകരാക്രമണം നടന്നത്.