കുവൈത്ത്‌സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. ഇന്ത്യ- കുവൈത്ത് നയതന്ത്രം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലുള്ള പങ്കാളിത്തവും സൗഹൃദവും വർദ്ധിക്കുകയാണെന്നും എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.
Good to meet again Kuwaiti FM Abdullah Ali Al-Yahya.
Recalled our productive meeting recently in Kuwait.
Discussed taking forward 🇮🇳 🇰🇼 bilateral ties through an early meeting of our Joint Commission. pic.twitter.com/kfCXp9MZ5y
— Dr. S. Jaishankar (@DrSJaishankar) September 9, 2024
” കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ-യഹിയയെ കണ്ടതിൽ സന്തോഷം. അടുത്തിടെ കുവൈത്തിൽ നടന്ന ഞങ്ങളുടെ കാര്യക്ഷമമായ ചർച്ചകൾ അനുസ്മരിച്ചു. വരും വർഷങ്ങളിലും ഇന്ത്യ- കുവൈത്ത് ബന്ധം ദൃഢതയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കുവൈത്ത് നേതൃത്വവുമായി മുൻകൂട്ടി നിശ്ചയിച്ച ചർച്ചകളിൽ പങ്കെടുത്തു.”- എസ് ജയശങ്കർ കുറിച്ചു.
വ്യവസായം, സാങ്കേതികവിദ്യ, സാമ്പത്തികം, ഊർജം, ദേശീയ സുരക്ഷ, അന്തർ ദേശീയം, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ഉഭയക്ഷി ചർച്ചകൾ നടന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ- കുവൈത്ത് ബന്ധം ചരിത്രത്തിൽ വേരൂന്നിയതാണെന്നും കാലങ്ങളായി സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
2006-ൽ കുവൈത്ത് അമീറിന്റെ ഇന്ത്യാ സന്ദർശനത്തോടെയാണ് സാമ്പത്തിക, സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ-കുവൈത്ത് സംയുക്ത മന്ത്രിതല കമ്മീഷൻ രൂപീകരിച്ചത്. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, 2021ൽ സംയുക്ത മന്ത്രിതല കമ്മീഷനെ വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ ഉയർത്താൻ ഇരുരാജ്യങ്ങളും സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഒരു ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി കുവൈത്തിൽ എത്തിയിരുന്നു. കുവൈത്തിലെ ലേബർ കാമ്പിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെയായിരുന്നു സന്ദർശനം. ജൂൺ 12നുണ്ടായ തീപിടിത്തത്തിൽ 45 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിനുപിന്നാലെ കുവൈത്തിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും എസ് ജയശങ്കർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.















