ചിങ്ങം തുടങ്ങിയതോടെ കേരളത്തിൽ കല്യാണങ്ങളുടെ ബഹളമാണ്. ഇതിൽ സെലിബ്രിറ്റി വിവാഹങ്ങളും കുറവല്ല. അടുത്തിടെ സോഷ്യൽമീഡിയ ഏറെ കൊണ്ടാടിയ വിവാഹമായിരുന്നു ദിയ കൃഷ്ണയുടേത്. നടൻ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ ഇളയ സഹോദരിയുമായ ‘ഓസി’ എന്ന ദിയയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ റീൽസുകളുടെ തരംഗം തന്നെ സൃഷ്ടിച്ചു. യൂട്യൂബറും ഇൻഫ്ലുവൻസറുമായ ദിയയുടെ പ്രണയബന്ധവും വിവാഹനിശ്ചയവും എല്ലാം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നതിനാൽ പ്രതീക്ഷിച്ചതുപോലെ തന്നെ വിവാഹവും വലിയ ചർച്ചയായി. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു.
ഒന്ന്, സാധാരണ പെൺകുട്ടികളെ പോലെ മാതാപിതാക്കളുടെ ചെലവിൽ വിവാഹം നടത്താതെ സ്വന്തം ബജറ്റിനനുസരിച്ച് ചെലവുകൾ സ്വയമേറ്റെടുത്ത് നടത്തിയ സ്വയംപര്യാപ്തയായ യുവതിയെന്ന പേരിൽ ദിയ ഏറെ പ്രശംസ പിടിച്ചുപറ്റി. രണ്ട്, മൂത്ത സഹോദരി അഹാന കൃഷ്ണ അവിവാഹിതയായി തുടരുമ്പോൾ നടന്ന വിവാഹമെന്ന രീതിയിലും ചർച്ചകൾ ഉയർന്നു.
മലയാളികൾക്കിടയിൽ പൊതുവെ കണ്ടുപരിചയിച്ചിട്ടില്ലാത്തതായിരുന്നു രണ്ട് കാര്യങ്ങളും. മൂത്ത പെൺകുട്ടി നിൽക്കുമ്പോൾ ഇളയ പെൺകുട്ടി വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ പോലുമാകാത്ത കാലത്തുനിന്നും സ്വന്തമായി കണ്ടെത്തിയ പങ്കാളിയെ വിവാഹം കഴിക്കാനൊരുങ്ങുന്ന അനുജത്തിയെ വളരെ സന്തോഷത്തോടെ വിവാഹത്തിന് ഒരുക്കുന്ന സഹോദരി അഹാനയും അക്കാര്യത്തെ വളരെ സാധാരണമായി കണക്കാക്കുന്ന കുടുംബവും സ്ഥിരസങ്കൽപ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മനോഹരമായ സന്ദേശം നൽകി.
വിവാഹച്ചെലവിനായി മാതാപിതാക്കൾ നെട്ടോട്ടമോടുമ്പോൾ, ബാങ്ക് വായ്പയെടുക്കാൻ രക്ഷിതാക്കൾ പണിപെടുമ്പോൾ, മൗനമായി നോക്കിനിൽക്കുന്ന പെൺകുട്ടികളുടെ മുൻപിൽ സ്ത്രീശാക്തീകരണത്തിന്റെ വലിയൊരു മാതൃക തന്നെ കാണിച്ചുനൽകാൻ ദിയ കൃഷ്ണയ്‌ക്ക് സാധിച്ചുവന്നതാണ് രണ്ടാമത്തെ കാര്യം. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തുകൊണ്ട്, സ്വകാര്യമായി നടന്ന വിവാഹച്ചടങ്ങ് നടത്തി കൃഷ്ണകുമാറിന്റെ മകൾ താൻ ഇൻഫ്ലുവൻസർ കൂടിയാണെന്ന കാര്യം വീണ്ടുമോർപ്പിച്ചു.
അനുജത്തിയുടെ വിവാഹം കെങ്കേമമായി കൊണ്ടാടിയ അഹാന കൃഷ്ണ, തെന്നിന്ത്യൻ നടി സായ്പല്ലവിയും ഓർമിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സായ്പല്ലവിയുടെ ഇളയ സഹോദരി പൂജയുടെ വിവാഹം നടന്നത്. ഏതാനും നാളുകൾക്ക് മുൻപ് പൂജയുടെ വിവാഹനിശ്ചയം ആഘോഷിക്കുന്ന സായ്പല്ലവിയുടെ ചിത്രങ്ങൾ വൈറലായപ്പോഴായിരുന്നു സമാനമായ ചർച്ചകൾ ഉയർന്നിരുന്നത്.
വിവാഹം, ആഗ്രഹിക്കുന്ന സമയത്ത്, ആഗ്രഹിക്കുന്ന വ്യക്തിയുമായുള്ള ഒത്തുചേരലാകണമെന്നുള്ള സന്ദേശം സായ് പല്ലവിയും അഹാനയും നൽകുന്നു. ഒപ്പം സ്വന്തം കഴിവിനനുസരിച്ച് ആർഭാഡമായോ ലളിതമായോ മാതാപിതാക്കളുടെ മേൽ സാമ്പത്തിക ബാധ്യതകളുടെ ഭാരമേൽപ്പിക്കാതെ വിവാഹം കഴിക്കുന്നിടത്ത് സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു ഉദാഹരണമായി ദിയയും മാറി.















