മലയാള സിനിമയിൽ നിന്ന് മാറി നിന്നതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ റഹ്മാൻ. തനിക്ക് തമിഴ് സിനിമകളിൽ നിന്നാണ് കൂടുതൽ ഓഫറുകൾ വന്നിരുന്നതെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ തന്നെ തേടിയെത്തിയെന്നും റഹ്മാൻ പറഞ്ഞു. റഹ്മാൻ, സൈജു കുറുപ്പ്, ടിനി ടോം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റഹ്മാൻ.
“മലയാള സിനിമയിൽ നിന്നും ആരും എന്നെ മാറ്റി നിർത്തിയിട്ടില്ല. തമിഴിൽ ഒരുപാട് നല്ല അവസരങ്ങൾ വന്നിരുന്നു. അതുകൊണ്ട് പോയി. തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല കാശ് കിട്ടും അതിനാലാണ് ഞാൻ തമിഴിലേക്ക് പോയത് എന്നൊക്കെ പലരും പറയാറുണ്ട്. തമിഴ് സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോൾ പിന്നീട് എല്ലാം വിജയിച്ചു.
തമിഴിൽ ആറ് മാസമോ, ഒരു വർഷമോ മുമ്പ് എല്ലാ തീരുമാനിക്കും. പക്ഷേ മലയാള സിനിമയിൽ അങ്ങനെയല്ല, അടുത്താഴ്ചയോ അടുത്ത മാസമോ ഡേറ്റ് വേണമെന്നൊക്കെ പറയും. അങ്ങനെ ഒരുപാട് മലയാളം സിനിമകൾ എനിക്ക് നഷ്ടമായിട്ടുണ്ട്.
തമിഴിലേക്ക് പോകാൻ കാരണം മമ്മൂട്ടിയും മോഹൻലാലും എന്ന് പറയുന്നത് കേൾക്കുമ്പോൾ നല്ല വിഷമം തോന്നാറുണ്ട്. അവർ രണ്ട് പേരും അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ അവരുമായി ഇപ്പോഴും നല്ല ക്ലോസാണ്. പക്ഷേ, അതൊന്നും ആരും അറിയുന്നില്ലെന്ന് മാത്രം”.
അന്നത്തെ സിനിമകളിൽ വൺ മാൻ ഷോ കളികളൊന്നുമില്ല. ഞാനും മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്രയോ സിനിമകൾ ചെയ്തിട്ടുണ്ട്. അന്നൊന്നും ആർക്കും പരാതികളില്ല. ആ സീനിൽ അയാൾ കൂടിപോയെന്നോ തങ്ങൾക്ക് ഫൈറ്റ് ഇല്ലന്നോ അങ്ങനെയൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ സിനിമകളിൽ വൺ മാൻ ഷോ കളികളാണ് നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു.