എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്റെ ആദ്യ സിറ്റിങ് ഇന്ന് നടക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതികളിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച ഹർജികളാണ് ബെഞ്ചിന് മുന്നിലുള്ളത്.
ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് ഹർജികളിൽ വാദം കേൾക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് ആക്റ്റിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച ഹർജികളും ഇന്ന് പരിഗണിക്കും.
ഹർജികളിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനിയും കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ചുള്ള വാദങ്ങളും ഇന്ന് പ്രത്യേക ബെഞ്ചിന്റെ പരിഗണനയിൽ വരും.