ലക്‌നൗ: ഉത്തർപ്രദേശിന്റെ ഉറക്കം കെടുത്തിയ നരഭോജി ചെന്നായകളിൽ ഒരു ചെന്നായയെ കൂടി പിടികൂടിയതായി വനംവകുപ്പ്. ഇതോടെ ആറ് ചെന്നായകളിൽ അഞ്ച് ചെന്നായകൾ പിടിയിലായെന്നും അവസാനത്തെ ചെന്നായയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.
പെൺ ചെന്നായയെയാണ് പിടികൂടിയത്. ഇതിനെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാവിലെ മുതൽ ഓപ്പറേഷൻ ഭേദിയ എന്ന പേരിൽ ചെന്നായകൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അഞ്ചാമത്തെ ചെന്നായ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽപ്പെട്ടത്. ഡ്രോണില്ലാതെ ചെന്നായയെ പിടികൂടുന്ന ആദ്യ ഓപ്പറേഷനാണിത്. എന്നാൽ ഇനി പിടിയിലാകാനുള്ള ചെന്നായയെ കണ്ടെത്തുന്നതിനായി ഡ്രോണിന്റെ സഹായം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
രക്ഷപ്പെട്ടത് ആൺ ചെന്നായയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രി, പുറത്ത് കിടന്നുറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി. ഇന്ത്യൻ ഗ്രേ വൂൾഫ് വിഭാഗത്തിൽപ്പെട്ട ചെന്നായകളാണ് ആക്രമണം നടത്തിയത്.
7 കുട്ടികളും 1 സ്ത്രീയും ചെന്നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വലിയ പാവകളിൽ കുട്ടികളുടെ മൂത്രം തളിച്ചായിരുന്നു ചെന്നായകളെ പിടികൂടാൻ വനംവകുപ്പ് കെണി വിരിച്ചത്.















