കാസർകോട്: പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കെതിരായി യാതൊന്നും വേണ്ടെന്ന പിടിവാശിയിൽ സിപിഎം. നിറത്തിൽ വരെ പാർട്ടിയെ കണ്ടതോടെ അവതാളത്തിലായത് ഒരു കുടുംബമാണ്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ മണിയാട്ട് വടക്ക് ബ്രാഞ്ച് പരിധിയിലാണ് വിചിത്ര സംഭവം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പാർട്ടി അനുഭാവി കൂടിയ കുടുംബത്തിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. കാവി പെയ്ൻ്റ് പൂശിയ വീട് പാർട്ടി ഗ്രാമത്തിന് ചേർന്നതല്ലെന്ന് സിപിഎം നേതാവ് തലേ ദിവസം തന്നെ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ബ്രാഞ്ച് സമ്മേളന വേദിക്ക് മുന്നിൽ കാവി ധരിച്ച് കാവി വേഷത്തിലെത്തി മറ്റൊരു പാർട്ടി അനുഭാവി വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചു.
കർഷകസംഘം നേതാവും സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എംവി കോമൻ നമ്പ്യാരാണ് കാവി നിറം സംബന്ധിച്ച് കുടുംബവുമായി തർക്കിച്ചത്. ഗ്രാമത്തിൽ പതിവില്ലാത്ത രീതികളാണിതെന്നും ഇതൊന്നും വച്ചുപുറപ്പിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഭർത്താവ് ഗൾഫിലായതിനാൽ വീട്ടമ്മയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. എഞ്ചിനീയറുടെ നിർദ്ദേശപ്രകാരമാണ് നിറം അടിച്ചതെന്ന് വിശദീകരിച്ചെങ്കിലും ഒടുവിൽ തർക്കത്തിൽ കലാശിച്ചു. നാടിന് യോജിച്ച നിറമല്ലെന്ന് എല്ലാവരും നോക്കി നിൽക്കേ ചോദിച്ചത് വീട്ടമ്മയ്‌ക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കി.
വീടിന് അടിച്ച പെയിൻ്റ് കാവി അല്ലെന്നും ഓറഞ്ചാണെന്നും കുടുംബത്തിലുള്ളവർ പറയുന്നു. ഇന്നലെയായിരുന്നു സിപിഎം മണിയാട്ട് വടക്ക് ബ്രാഞ്ച് സമ്മേളനം. മുംബൈയിൽ ജോലിയുള്ള പാർട്ടി അനുഭാവി, സുനിൽ വെള്ളായി ആണ് കാവിയുടുത്ത് കാവി നിറമുള്ള സ്കൂട്ടറിൽ ബ്രാഞ്ച് സമ്മേളന വേദിയിലെത്തിയത്. കാവി വിഷയം സമ്മേളനത്തിലും നാട്ടിലും ചർച്ചയായെങ്കിലും കോമൻ നമ്പ്യാർ വിഷയത്തിൽ മൗനം തുടരുകയാണ്. ഞങ്ങൾക്ക് ഒന്നും പറയാനില്ലെന്നും കോമൻ നമ്പ്യാരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ നൽകുന്ന വിശദീകരണം.















