ന്യൂഡൽഹി: അരുണാചലിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യ-ചൈന അതിർത്തി മേഖലകളിൽ ഇതുവരെ അതിർത്തി നിർണ്ണയിക്കപ്പെടാത്ത ഇടങ്ങളുണ്ടെന്നും, ഇവിടെ ചൈനീസ് സൈന്യം പട്രോളിങ്ങിന്റെ ഭാഗമായി എത്താറുണ്ടെന്നും, ഇതൊരിക്കലും ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നുകയറി എന്നതല്ലെന്നും കിരൺ റിജിജു വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ ചൈനീസ് സൈന്യം അനധികൃതമായി പ്രവേശിച്ചുവെന്നും, സൈന്യം ഇവിടെ ക്യാമ്പ് ചെയ്യുകയാണെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് കിരൺ റിജിജു ഈ റിപ്പോർട്ടുകളിന്മേൽ വ്യക്തതയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ചില പാറകളിൽ പെയിന്റ് അടിച്ചതിന്റേയും ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങൾ കിടക്കുന്നതിന്റേയും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ” ചൈനയ്‌ക്ക് ഒരിക്കലും ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാൻ സാധിക്കില്ല. അതിർത്തി നിർണ്ണയിക്കപ്പെടാത്ത സ്ഥലങ്ങളിൽ പട്രോളിംഗ് ഓവർലാപ്പിംഗ് നടക്കാറുണ്ട്. ഇവിടെ സ്ഥിരമായ ഒരു നിർമ്മാണ പ്രവർത്തനങ്ങൾക്കും അവർക്ക് അനുമതി നൽകിയിട്ടില്ല.
ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും കർശന ജാഗ്രത പുലർത്താറുണ്ട്. ഈ സ്ഥലങ്ങളിൽ ചൈനീസ് സൈന്യം എത്തി എന്നതിന് കയ്യേറ്റം നടന്നു എന്നർത്ഥമില്ല. അതിർത്തി മേഖലകളിൽ ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളിലടക്കം വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. യഥാർത്ഥ നിയന്ത്രണ രേഖ മറിക
ക്കാൻ ഒരിക്കലും ചൈനയെ അനുവദിക്കില്ല. അതിർത്തി നിർണ്ണയിക്കപ്പെടാത്ത ഇടങ്ങളിൽ പെയിന്റ് ഉപയോഗിച്ച് എന്തെങ്കിലും അടയാളങ്ങൾ വരച്ചാൽ അതൊരിക്കലും അവരുടെ സ്വന്തമായെന്നോ, അല്ലെങ്കിൽ ആ പ്രദേശം കയ്യേറിയെന്നോ അർത്ഥമാക്കുന്നില്ലെന്നും” കിരൺ റിജിജു വ്യക്തമാക്കി.
ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ 3400 കിലോമീറ്റർ ദൂരമാണ് ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്നത്. ഇതിൽ അരുണാചൽ പ്രദേശ് തങ്ങളുടെ സ്വന്തമാണെന്ന അവകാശവാദവുമായി ചൈന പലവട്ടം രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണെന്നും, അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന നിലപാട് ഇന്ത്യയും വ്യക്തമാക്കിട്ടുണ്ട്.