എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്റെ ആദ്യ സിറ്റിംഗിലാണ് സർക്കാരിനെതിരെ വിമർശനം ഉയർന്നത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് കിട്ടിയിട്ടും എന്തുകൊണ്ട് സർക്കാർ നടപടി എടുത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രമേ മുദ്രവച്ച കവറിലുള്ള പൂർണ റിപ്പോർട്ട് തങ്ങൾ തുറക്കുകയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
സർക്കാർ തുടർ നടപടി സ്വീകരിച്ചോ എന്നത് അടുത്ത സിറ്റിംഗിൽ പരിശോധിക്കുമെന്നും അന്വേഷണ സംഘം തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഓഡിയോ
സന്ദേശങ്ങൾ റിപ്പോർട്ടിന്റെ ഭാഗമാണെങ്കിൽ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സമൂഹത്തിലെ പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലേയെന്ന് കോടതി ചോദിച്ചു. വർഷങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് കിട്ടിയിട്ടും സർക്കാർ ചെറുവിരലെങ്കിലും അനക്കിയോയെന്നും കോടതി വിമർശിച്ചു.















