ആലപ്പുഴ: അമ്പലപ്പുഴയിൽ 11 തെരുവുനായ്‌ക്കളെ ചത്തനിലയിൽ നിലയിൽ കണ്ടെത്തി. അമ്പലപ്പഴ പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് നായ്‌ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ പല സമയങ്ങളിലായി ക്ഷേത്ര പരിസരത്ത് നായ്‌ക്കളെ അവശനിലയിൽ കണ്ടിരുന്നു. ഈ നായ്‌ക്കളാണ് പിന്നീട് ചത്തത്.
ക്ഷേത്ര പരിസരത്തെ വിവിധ ഇടങ്ങളിലായി അവശരായ നായ്‌ക്കൾ ചത്തുവീഴുകയായിരുന്നു. നായ്‌ക്കളുടെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. നിരവധി നായ്‌ക്കൾ ഇപ്പോഴും അവശനിലയിലാണുള്ളത്.
നായ്‌ക്കളെ ക്ഷേത്ര ജീവനക്കാർ കുഴിച്ചിട്ടു. ആരാണ് നായ്‌ക്കൾക്ക് വിഷം നൽകിയെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. പഞ്ചായത്ത് അധികാരികളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.















