ജയ്പൂർ : രാജ്യത്ത് വീണ്ടും ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം . രാജസ്ഥാനിലെ അജ്മീറിൽ ഒരു ക്വിന്റൽ ഭാരമുള്ള സിമന്റ് കട്ടകൾ പാളത്തിൽ വച്ചാണ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നത് . കഴിഞ്ഞ 17 ദിവസത്തിനിടെ മൂന്നാം തവണയാണ് രാജസ്ഥാനിൽ ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം നടന്നത് . കഴിഞ്ഞ ദിവസം കാൺപൂരിന് സമീപത്തായി കാളിന്ദി എക്സ്പ്രസും അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നു . ഗ്യാസ് സിലിണ്ടറും , പെട്രോളുമാണ് ആ ട്രാക്കിൽ നിന്ന് കണ്ടെടുത്തത് .
അതിനു പിന്നാലെയാണ് അജ്മീറിൽ ശാരദ്‌ന, ബംഗഡ് ഗ്രാം സ്‌റ്റേഷൻ എന്നീ രണ്ട് സ്ഥലങ്ങൾക്കിടയിലെ പാളങ്ങളിൽ സിമന്റ് കട്ടകൾ കണ്ടെത്തിയത് . എന്നാൽ വേഗതയിൽ എത്തിയ ട്രെയിൻ കയറി കട്ടകൾ പൊട്ടിയതിനാൽ വൻ അപകടമാണ് ഒഴിവായത് .റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ രണ്ട് ബ്ലോക്കുകളും തകർന്നതായി കണ്ടെത്തി.
അടുത്ത സമയത്തായി പല സംസ്ഥാനങ്ങളിലും ട്രെയിനുകൾ പാളം തെറ്റിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാൻ നടത്തിയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.