ന്യൂഡൽഹി: പെൺകുട്ടികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കേണ്ടതും അവർക്ക് വേണ്ട പിന്തുണ നൽകേണ്ടതും രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് സ്മൃതി ഇറാനി. സ്ത്രീശാക്തീകരണത്തിൽ എബിവിപി എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് വലിയ പങ്കാണുള്ളതെന്നും സ്മൃതി പറഞ്ഞു. വിവിധ സംരംഭകത്വ മേഖലകളിൽ മികവ് തെളിയിച്ച ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനികളെ ആദരിക്കുന്നത്തിനായി എബിവിപി സംഘടിപ്പിച്ച സ്വയംസിദ്ധ-2024 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
എല്ലാ വർഷവും മുടങ്ങാതെ ‘സ്വയംസിദ്ധ’സംഘടിപ്പിക്കുന്ന എബിവിപിയെയും ഡൽഹി സ്റ്റുഡന്റസ് യൂണിയനെയും മുൻ കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി അഭിനന്ദിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ മുൻപന്തിയിൽ നിലകൊള്ളുന്ന സംഘടനയാണ് എബിവിപിയെന്ന് സ്മൃതി പറഞ്ഞു.
ക്യാപ്റ്റൻ ശിവ ചൗഹാൻ, പ്രേരണ ദിയോസ്തലി, ക്യാപ്റ്റൻ ഷെലിസ ധാമി തുടങ്ങിയ സ്ത്രീകൾ ലോക വേദിയിൽ നമ്മുടെ രാഷ്ട്രത്തിന് അഭിമാനമായി. അവർ മാതൃകാപരമായ കഴിവുകളുള്ള സ്വയം പര്യാപ്തത നേടിയ വനിതകളുടെ സാക്ഷ്യമാണ്. ഈ കാലഘട്ടത്തിൽ, വിദ്യാർത്ഥിനികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും സ്മൃതി പറഞ്ഞു. വനിതാ സംരംഭകരെ വളർത്തികൊണ്ടുവരുന്ന എബിവിപിയുടെ കാമ്പെയ്ന് ബിജെപി നേതാവ് പിന്തുണ അറിയിച്ചു.