മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്ന സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ അതിക്രൂരമായ മൃഗപീഡനത്തിന്റെ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ടെക്സസിലെ സാൻ ലിയോണിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. നിരവധി മൃഗങ്ങളുടെ അഴുകിയ ജഡങ്ങൾ ഇവിടത്തെ ഒരു വീട്ടിൽ നിന്നും കണ്ടെത്തി.
സാൻ ലിയോണിലെ 29-ആം സ്ട്രീറ്റിലെ 800 ബ്ലോക്കിലെ വീട്ടിൽ കണ്ടെത്തിയത് അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. കെയ്‌ലി ഹംബർഗർ എന്ന വ്യക്തിയുടെ കാണാതായ പൂച്ചയെ തേടിയുള്ള അന്വേഷണമാണ് വലിയ ഒരു ക്രൂരതയുടെ ചുരുളഴിയിച്ചത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 50 ഓളം മൃഗങ്ങളെ വീടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി.
അന്വേഷണം തുടരുമ്പോൾ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൂച്ചകൾ, കുതിരകൾ, പശുക്കൾ, ഒരു റാക്കൂൺ, ഒരു നായ എന്നിവ മൃഗങ്ങളുടെ ജഡങ്ങളിൽ ഉൾപ്പെടുന്നു. ചത്ത മൃഗങ്ങളിൽ ഭൂരിഭാഗവും പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ പൂച്ചകളായിരുന്നു.
ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ പലതും മരണകാരണം നിർണ്ണയിക്കാൻ പരിശോധനയ്‌ക്ക് വിധേയമാക്കും. അതിക്രൂരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി ഇയാളെ ചോദ്യംചെയ്ത് വരികയാണ്.















