പരിശുദ്ധമായ തേൻ നിരവധി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഔഷധമായും സൗന്ദര്യസംരക്ഷണത്തിനും തേൻ ഉപയോഗിച്ചുവരുന്നു. ശുദ്ധമായ തേൻ ശരിയായി സംഭരിച്ചാൽ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ വരെ നന്നായി ഇരിക്കും. ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ വരെ ഗവേഷകർ ശുദ്ധമായ തേൻ കണ്ടെത്തിയിരുന്നു. കുറഞ്ഞ ഈർപ്പവും അഡിറ്റിക് സ്വഭാവവുമാണ് തേൻ കേടുകൂടാതെ ഇരിക്കുന്നതിന് പിന്നിൽ.
തേൻ കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അവയിതാ..
വായു കടക്കാത്ത പാത്രമാണ് തേൻ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകം. പൂപ്പലുകളെ തടയാനും ഇത് സഹായിക്കും. തേൻ ഒരിക്കലും റഫ്രിജറേറ്ററിൽ സൂക്ഷിക്കരുത്. തണുത്ത താപനിലയിൽ തേൻ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറും. ചെറിയ വെയിലത്ത് വച്ചാൽ ഇത് തിരിച്ച് സാധാരണഗതിയിലേക്കാകും. എന്നാൽ അമിതമായി ചൂടാക്കുകയോ വെയിലേൽപ്പിക്കകയോ ചെയ്യരുത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത ഇടത്ത് വേണം തേൻ സൂക്ഷിക്കാൻ. വെളിച്ചവും ചൂടും തേൻ പുളിക്കാനും കേടുവരാനും കാരണമായേക്കാം.
വൃത്തിയുള്ള, ഉണങ്ങിയ സ്പൂൺ വച്ച് മാത്രമേ തേൻ പാത്രത്തിൽ നിന്ന് എടുക്കാവൂ. ഈർപ്പം ഉണ്ടായാൾ പൂപ്പൽ വരുമെന്ന് ഓർക്കുക. പുളിച്ച മണം വന്നാൽ തേൻ അഴുകി തുടങ്ങിയതിന്റെ സൂചനയാണ്. കുമിളകളോ നുരയോ വരുക, വെള്ളം മുകളിൽ തെളിഞ്ഞ് കിടക്കുന്നതും തേൻ ചീത്ത ആയതിന്റെ സൂചനകളാണ്.