പത്തനംതിട്ട: മന്ത്രി വീണാ ജോർജ് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിക്ക് ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിത്വം. കൊലക്കേസ് പ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രനെയാണ് മലയാലപ്പുഴ സിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇന്നലെ ചേർന്ന യോഗത്തിലാണ് കാപ്പാ കേസ് പ്രതിക്ക് ഭാരവാഹിത്വം നൽകിയത്.
ഡിവൈഎഫ്‌ഐ കോന്നി ബ്ലോക്കിൽ ശരൺ ചന്ദ്രനെ ഉൾപ്പെടുത്താനായിരുന്നു പാർട്ടി ആദ്യം തീരുമാനിച്ചത്. എന്നാൽ പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ എതിർപ്പിനെ തുടർന്ന് മേഖലാ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
നിരവധി കേസുകളിലെ പ്രതിയാണ് ശരൺ ചന്ദ്രൻ. രണ്ട് മാസം മുമ്പാണ് ഇയാൾ സിപിഎമ്മിൽ ചേർന്നത്. ഇതിനുപിന്നാലെ കഴിഞ്ഞയാഴ്ച ഡിവൈഎഫ്‌ഐ പ്രവർത്തകനുമായുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ, യുവാവിന്റെ തലയടിച്ചുപൊട്ടിരുന്നു. മുണ്ടുക്കോട്ടയ്‌ക്കൽ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസ് നിലനിൽക്കെയാണ് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി ഭാരവാഹിയായി ശരൺ ചന്ദ്രനെ തെരഞ്ഞെടുത്തത്.















