ന്യൂഡൽഹി: ബിജെപി ഉള്ളടത്തോളം കാലം ആർക്കും രാജ്യസുരക്ഷയെ അപകടത്തിലാക്കാനോ സംവരണം നിർത്തലാക്കാനോ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദ ശക്തികൾക്കൊപ്പം നിന്ന് ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുലിന്റേയും കോൺഗ്രസിന്റേയും ശൈലിയായി മാറിയെന്ന് അമിത് ഷാ വിമർശിച്ചു. യുഎസിലെ ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ രാഹുൽ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” നാഷണൽ കോൺഫറൻസിന്റെ ദേശവിരുദ്ധവും സംവരണ വിരുദ്ധവുമായ അജണ്ട നടപ്പാക്കാനാണ് രാഹുലും കൂട്ടരും ശ്രമിക്കുന്നത്. ദേശം, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന കോൺഗ്രസിന്റെ രാഷ്‌ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. രാജ്യത്ത് സംവരണം നിർത്തലാക്കുന്നതിനെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകൾ കോൺഗ്രസിന്റെ സംവരണ വിരുദ്ധ മനോഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബിജെപി ഉള്ളടത്തോളം കാലം ആർക്കും സംവരണം നിർത്തലാക്കാനോ രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കാൻ കഴിയില്ലെന്ന് രാഹുൽ ഇനിയെങ്കിലും മനസ്സിലാക്കണം,” ആഭ്യന്തരമന്ത്രി പറഞ്ഞു.
വിദേശ വേദിയിൽ രാഹുൽ നടത്തുന്ന ദേശവിരുദ്ധ പ്രസ്താവനകൾക്കെതിരെ വിമർശനം കനക്കുകയാണ്. സംവരണത്തോടുള്ള എതിർപ്പ് രാഹുൽ ഗാന്ധിയുടെ പാരമ്പര്യമാണെന്നും മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരും ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് എതിരായിരുന്നുവെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
രാഹുലിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ഇൻഡി മുന്നണിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. സംവരണ വിരുദ്ധ പരാമർശത്തിനെതിരെ ഡിഎംകെ അധ്യക്ഷൻ എം. കെ സ്റ്റാലിൻ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ അമർഷത്തിലാണ്.















