ഡബ്ല്യൂസിസിക്കെതിരെ തുറന്നടിച്ച് മെമ്പർ കൂടിയായ നടി രഞ്ജിനി. പലകാര്യങ്ങളും മെമ്പർമാർ അറിയുന്നില്ലെന്നും ഏകാധിപത്യ സ്വഭാവത്തിലാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും നടി പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോലും തരംതിരിവുകൾ ആണെന്നും എന്തോ തെറ്റുകൾ ഡബ്ല്യുസിസിയുടെ ഉള്ളിൽ നടക്കുന്നുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി തുറന്നടിച്ചു.
“ഞാൻ ഡബ്ല്യുസിസി മെമ്പറാണ്. പക്ഷേ, കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറഞ്ഞുകൊണ്ടുള്ള ഹർജിയെപ്പറ്റി എനിക്ക് അറിയില്ല. ഞാനൊരു വക്കീലാണെന്ന് അവർക്ക് എല്ലാവർക്കും അറിയാം. എന്നോട് ഒന്ന് ചോദിക്കാമായിരുന്നു. ഞാൻ നിർദ്ദേശങ്ങൾ നൽകുമായിരുന്നു. പക്ഷേ എന്നെ ആരും ഇക്കാര്യത്തിൽ സമീപിച്ചില്ല. സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് പണം മുടക്കി ഞാൻ പരാതി കൊടുത്തത്. അവർ ഹർജി നൽകുന്നുണ്ടായിരുന്നു എങ്കിൽ ഞാൻ അതിന് പോകേണ്ടതില്ലായിരുന്നല്ലോ. മൊഴികൊടുത്ത തങ്ങളെ ആദ്യം റിപ്പോർട്ട് കാണിച്ചശേഷം പ്രസിദ്ധീകരിക്കണമെന്ന് എന്തുകൊണ്ടാണ് അവർ പറയാതിരുന്നത്”.
“ഞങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്വം വനിതാ കമ്മീഷണർക്കാണ്. ഞാൻ ഡബ്ല്യുസിസിയിൽ ഒരു മെമ്പർ മാത്രമല്ലേ. നമ്മളൊക്കെ പറഞ്ഞാൽ അവർ കേൾക്കുമോ. നമ്മൾ അറിയാതെയാണ് അവർ കേസിനു പോലും പോകുന്നത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് മെമ്പർ മാത്രമായി ഞാൻ. എന്തായാലും ഞാൻ രാജിവെക്കില്ല. അതിന്റെ ഉള്ളിൽ നിന്നു തന്നെ പോരാടും. ഫേസ്ബുക്കിൽ എന്തെങ്കിലും ഇട്ടതു കൊണ്ടായില്ല. ഡബ്ല്യുസിസിയിലെ രണ്ടുപേർ പറയുന്നു അവരെ റിപ്പോർട്ട് മുഴുവനും വായിച്ചു കേൾപ്പിച്ചുവെന്ന്. എന്തുകൊണ്ട് എന്നെപ്പോലുള്ളവർക്ക് അതിന് അവസരം ലഭിച്ചില്ല”.
“ഒരു കേസ് കൊടുക്കുമ്പോൾ ഒരു സംഘടനയിലെ എല്ലാവരോടും ചോദിക്കണമായിരുന്നു. അപ്പോഴല്ലേ നമുക്ക് അതിനെക്കുറിച്ച് അറിയുകയുള്ളൂ. ഞാൻ കേസ് കൊടുത്തതിനു ശേഷമാണ് അവർ പലതും പറയുന്നത്. എന്തോ തെറ്റായി ഇവിടെ നടക്കുന്നുണ്ട്. നീതിയില്ലാതെയാണ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പലരും ഡബ്ല്യുസിസിയിൽ നിന്ന് രാജിവച്ചു. 50ലധികം പേർ ഉണ്ടായിരുന്ന ഗ്രൂപ്പിൽ ഇപ്പോൾ 37 പേരോളമേ ഉള്ളൂ. ഇപ്പോൾ ഒഫീഷ്യൽ ഗ്രൂപ്പും അല്ലാത്ത ഗ്രൂപ്പും ഡബ്ല്യുസിസിക്ക് ഉണ്ട്. രണ്ട് ഗ്രൂപ്പിലും വ്യത്യസ്ത ആൾക്കാരാണ്. തരംതിരിവ് ഡബ്ല്യൂസിസിയിൽ ഉണ്ട്. പാർവതി തിരുവോത്തും റിമ കല്ലിങ്കലും അഞ്ജലി മേനോനും ഒക്കെയാണ് ഡബ്ല്യുസിസി നിയന്ത്രിക്കുന്നത്”- രഞ്ജിനി പറഞ്ഞു.