ചെന്നൈ: പാമ്പൻ കടൽപ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിർമിച്ച 2.05 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽവേ പാലം രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നു. രാമേശ്വരം പാമ്പൻ കടലിൽ 545 കോടി രൂപ ചെലവിലാണ് പുതിയ റെയിൽപ്പാലം നിർമിക്കുന്നത്.
ഇതോടെ 22 മാസത്തെ ഇടവേളയ്‌ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കും. തമിഴ്‌നാട് സന്ദർശന വേളയിൽ പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തിലും മറ്റ് സ്ഥലങ്ങളിലും നിരവധി പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
രാമേശ്വരം പാമ്പൻ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന ഈ റെയിൽവേ പാലം 1914-ൽ ആണ് തുറന്നത്. കപ്പലുകൾ വരുമ്പോൾ തുറക്കാനും അടയ്‌ക്കാനുമാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1988-ൽ ഒരു സമാന്തര റോഡ് പാലം നിർമ്മിക്കുന്നത് വരെ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ഏക കണ്ണിയായി ഇത് തുടർന്നു. രാമേശ്വരം ദ്വീപിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു ഈ റെയിൽവേ ലൈൻ. നീലിമയാർന്ന കടലിന്റെ പശ്ചാത്തലത്തിൽ ഈ പാമ്പൻ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ സൗന്ദര്യം കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമേശ്വരത്ത് എത്തിയിരുന്നു.
അതിനിടെ നൂറ്റാണ്ട് പഴക്കമുള്ള പാലത്തിൽ ചില അറ്റകുറ്റപ്പണികൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് 5 വർഷം മുമ്പ് പാമ്പൻ പാലത്തിന് നടുവിൽ ഒരു കപ്പൽ കൂട്ടിയിടിച്ചത്. ഇതുമൂലം മാസങ്ങളോളം ട്രെയിൻ ഗതാഗതം നിലച്ചു. ഈ പഴയ പാലത്തിന് പകരം പുതിയ പാലം നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന് ശേഷം കഴിഞ്ഞ 2019ലാണ് ഈ പ്രവൃത്തികൾ ആരംഭിച്ചത്. അതിനിടയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടർന്ന് പണികൾ തടസ്സപ്പെട്ടു.
പഴയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലച്ചപ്പോൾ വൻകരയിലെ “മണ്ഡപം” വരെ മാത്രമാണ് ട്രെയിൻ സർവീസ് നടത്തി വന്നത്. ഇതുമൂലം രാമേശ്വരത്തേക്കുള്ള വിനോദസഞ്ചാരികൾ ബുദ്ധിമുട്ടിലായി. ലംബമായി തുറക്കുകയും അടയ്‌ക്കുകയും (വെർട്ടിക്കൽ ലിഫ്റ്റ്) ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പാലമാണ് പാമ്പൻ പാലം.
പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ എയർ ക്ലിയറൻസ് ഉണ്ട്, പഴയ പാലത്തിൽ 19 മീറ്ററായിരുന്നു ക്ലിയറൻസ്. പുതിയ പാമ്പൻ പാലത്തിൽ ലിഫ്റ്റ് സ്പാൻ സംവിധാനം പൂർത്തിയാക്കിയതിന് ശേഷം ദക്ഷിണ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തിയിരുന്നു.
എല്ലാ സുരക്ഷാ പരിശോധനകളും വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
2019 നവംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാലത്തിന് തറക്കല്ലിട്ടത്.















