പല്ലെടുക്കുന്നതും കൃത്രിമ പല്ല് ഘടിപ്പിക്കുന്നതും ഇന്ന് സാധാരണമാണ്. അതിനാൽ തന്നെ വലിയ പ്രധാന്യമോ ഗൗരവമോ ആരും ഇതിന് കൽപ്പിക്കാറില്ല. ദന്തൽ ക്ലിനിക്കുകൾ ഗ്രാമങ്ങളിൽ പോലും മുക്കിലും മൂലയിലും കൂണുകൾ പോലെയാണ് മുളച്ച് പൊങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ അനാരോഗ്യകരമായ മത്സരവും നിലനിൽക്കുന്നുണ്ട്. ഈ മത്സരം ചികിത്സയുടെ ഗുണനിലവാരത്തെ പോലും പലപ്പോഴും ബാധിക്കാറുണ്ട്. എന്നാൽ ദന്തചികിത്സ ജീവന് പോലും ഭീഷണിയായ സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്.
ചൈനയിലെ യോങ്കാങ് ദെവേ ഡെൻ്റൽ ഹോസ്പിറ്റലിൽ ഓഗസ്റ്റ് 14 നാണ് സംഭവം നടന്നത്. ചികിത്സയുടെ കാലദൈർഘ്യം കുറയ്ക്കാൻ ഡോക്ടർ സ്വീകരിച്ച് എളുപ്പപ്പണിയാണ് വിനയായത്. ഇവിടത്തെ ഡോക്ടർ ഒറ്റ ദിവസം കൊണ്ട് മദ്ധ്യവസ്കനായ രോഗിയുടെ 23 പല്ലുകൾ എടുക്കുകയും 12 കൃത്രിമ പല്ല് ഘടിപ്പിക്കുകയും ചെയ്തു. രോഗിയിൽ നിന്നും സമ്മതപത്രം വാങ്ങിയ ശേഷമാണ് പ്രൊസീജ്യയർ. ഇതിന് പിന്നാലെ രോഗിക്ക് കടുത്ത വേദനയും ശാരീരിക അവശതയും അനുഭവപ്പെട്ടു. 13 ദിവസത്തിന് ശേഷം ഹൃദയാഘാതമുണ്ടാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു.
മരണപ്പെട്ടയാളുടെ മകളുടെ സോഷ്യൽ മീഡിയ പോസ്റ്റോടെയാണ് സംഭവം പുറംലോകമിഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെന്റൽ ഡോക്ടർക്ക് അഞ്ച് വർഷത്തെ പരിചയമുണ്ടെന്നും റൂട്ട് കനാൽ ചികിത്സയിൽ സ്പെഷലൈസേഷനുണ്ടെന്നും മകൾ പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും പല്ലുകൾ എടുത്തതാണ് ജീവൻ അപകടത്തിലാക്കിയതെന്ന് വുഹാനിലെ യൂണിവേഴ്സൽ ലവ് ഹോസ്പിറ്റലിലെ ഡെൻ്റൽ മെഡിസിൻ സെൻ്റർ ഡയറക്ടർ പറഞ്ഞു. പരമാവധി പത്ത് പല്ലുകൾ മാത്രമാണ് ഒരേ സമയം നീക്കം ചെയ്യാൻ സാധിക്കുക. രോഗിയുടെ ശാരീരിക ശേഷി പരിഗണിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് ഡോക്ടർ പറഞ്ഞു. ഇത്രയധികം പല്ലുകൾ നീക്കം ചെയ്ത് തെറ്റായ ചികിത്സാരീതിയാണെന്ന അഭിപ്രായമാണ് സമൂഹ മാദ്ധ്യമങ്ങളിലും ദന്തൽവിദഗ്ധർ അഭിപ്രായപ്പെട്ടുന്നത്.