സിനിമാ മേഖലയിൽ വൈകാരികതയ്‌ക്ക് മാത്രമേ സ്ഥാനമുള്ളൂവെന്ന് നടൻ രമേഷ് പിഷാരടി. സെന്റിമെൻസ് കാണിച്ചാൽ അതിനെ എല്ലാവരും അഭിനയമായി കാണുമെന്നും എന്നാൽ, തമാശ ചെയ്താൽ അതിനെ അഭിനയമായി കാണാൻ എല്ലാവർക്കും മടിയാണെന്നും രമേഷ് പിഷാരടി പറഞ്ഞു. ഹാസ്യ ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
” വൈകാരികമായി അഭിനയിക്കുമ്പോൾ മാത്രമേ എല്ലാവരും അതിനെ അഭിനയമായി കാണുകയുള്ളൂ. കുറച്ച് കരഞ്ഞൊക്കെ അഭിനയിച്ചാൽ അതിനെ വെറൊരു തലത്തിലാണ് ആളുകൾ കാണുന്നത്. മാളികപ്പുറത്തിലെ എന്റെ അഭിനയത്തെ കുറിച്ച് എല്ലാവരും ഒരുപാട് പ്രശംസിച്ചു. കാരണം, അതിൽ കുറച്ച് കരച്ചിലും വിഷമവുമൊക്കെ ഞാൻ ചെയ്യുന്നുണ്ട്. അവാർഡ് ജൂറികളും സെന്റിമെൻസിനാണ് പരിഗണന നൽകുന്നത്.
വൈകാരികത കാണിച്ചെങ്കിൽ മാത്രമേ ജൂറികൾ പോലും അഭിനയമായി കണക്കാക്കുകയുള്ളൂ. തമാശ ചെയ്താൽ ആരും അഭിനയമായി കാണുന്നില്ല. മമ്മൂക്ക എന്നോട് പറഞ്ഞിട്ടുണ്ട് അദ്ദേഹം മധുരരാജയ്‌ക്കും, രാജമാണിക്യത്തിനും, ഭ്രമയുഗത്തിനുമൊക്കെ നൽകുന്നത് ഒരേ അധ്വാനമാണെന്ന്. എല്ലാ നടന്മാരും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നത് നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ്.
ചിലരുടെ ഉത്തരവാദിത്തക്കേടുകൾ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ആദ്യ ഷോ ചെയ്യാനെത്തിയപ്പോൾ അവിടെ ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു. അയാൾ മദ്യപിച്ച് അവിടെനിന്ന് ഇറങ്ങിപോയി. ആ സമയത്ത് ഞാൻ എഴുതിയ സ്ക്രിപ്റ്റുകളാണ് അടുത്ത ദിവസം ഉപയോഗിച്ചത്.
ആദ്യ ഷോയൊക്കെ ചെയ്യുമ്പോൾ സലീം ചേട്ടനൊക്കെ എന്നെ ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ട്. കോമഡി ഷോകൾ ചെയ്യുമ്പോൾ റിപീറ്റായി വരുന്ന ചില വാക്കുകൾ ഒഴിവാക്കുകയാണെങ്കിൽ അതിന് മറ്റൊരു ഭാംഗിയുണ്ടായിരിക്കും. ആൾക്കൂട്ടത്തിന്റെ ചിരിയും കയ്യടിയും എപ്പോഴും ആർട്ടിസ്റ്റുകൾക്ക് പ്രോത്സാഹനമാണെന്നും രമേഷ് പിഷാരടി പറഞ്ഞു.