പാലക്കാട്: ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. കഞ്ചിക്കോട് കൊട്ടിൽപ്പാറ സ്വദേശിനിയായ 23കാരിക്കാണ് വെട്ടേറ്റത്. പ്രദേശവാസിയായ സൈമൺ ആണ് പ്രതി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പാലക്കാട് മേനോൻപാറയ്ക്ക് സമീപം വച്ചായിരുന്നു ആക്രമണം ഉണ്ടായത്.
അമ്മയ്ക്കൊപ്പം പുല്ലരിയാൻ പോയതായിരുന്നു യുവതി. അമ്മ തിരിച്ച് വീട്ടിൽ പോയ സമയത്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന സൈമൺ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് യുവതി ചെറുത്തു. പ്രകോപിതനായ സൈമൺ യുവതിയുടെ കയ്യിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി വെട്ടുകയായിരുന്നു.
യുവതിയുടെ മുഖത്താണ് പരിക്കേറ്റത്. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയതോടെ സൈമൺ ഓടി രക്ഷപ്പെട്ടു. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.