ലക്നൗ: ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് യുവദമ്പതികളും മുന്നുവയസുള്ള കുഞ്ഞും മരിച്ചു. യുപി ലഖിംപൂർ സ്വദേശികളായ മുഹമ്മദ് അഹമ്മദ് (26), ഭാര്യ നജ്‌നീൻ (24), മകൻ അബ്ദുല്ല എന്നിവരാണ് മരിച്ചത്.
ഉമരിയ കലുങ്കിന് സമീപമുള്ള ഓയിൽ റെയിൽവേ ക്രോസിൽ രാവിലെ 11 മണിയോടെയാണ് സംഭവം. പാലത്തിനടിയിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം ദമ്പതികൾ ട്രാക്കിലൂടെ 50 മീറ്ററോളം നടന്നു. ഇതിനിടെ ട്രാക്കിലൂടെ എത്തിയ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.
മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികൾ സ്ഥിരമായി റീലുകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നുവെന്ന് ഗ്രാമത്തലവൻ പൊലീസിനോട് പറഞ്ഞു.















