ലക്നൗ: 513 മദ്രസകളുടെ അംഗീകാരം റദ്ദാക്കാൻ ശുപാർശ ചെയ്ത് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ്. സംസ്ഥാനത്ത് അംഗീകാരമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾ കണ്ടെത്താൻ യുപി സർക്കാർ രണ്ട് വർഷം മുൻപ് സർവ്വെ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. ഈ മദ്രസകളിൽ ഭൂരിഭാഗവും മദ്രസ ബോർഡിന്റെ പോർട്ടലിൽ വിശദാംശങ്ങൾ അപ്‍ലോഡ് ചെയ്യാത്തവരാണ്.
ഏകദേശ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് 25,000 മദ്രസകളാണുള്ളത്. ഇതിൽ 16,500 മദ്രസകൾക്ക് മാത്രമാണ് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. മദ്രസ ബോർഡ് ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് 513 മദ്രസയുടെ അംഗീകാരം റദ്ദാക്കാനുള്ള തീരുമാനം.
ബോർഡിൽ അഫിലിയേഷൻ തേടുന്ന മദ്രസകൾക്കായി പുതിയ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ബോർഡ് ചെയർമാൻ പറഞ്ഞു. ഉത്തർപ്രദേശിൽ നിലവിലുള്ള 560 സ്റ്റേറ്റ് എയ്ഡഡ് മദ്രസകൾക്കായി ഒരു മാതൃകാ ഭരണ പദ്ധതിക്കും യോഗത്തിൽ അംഗീകാരം നൽകി.