അബുദാബി: യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 20,000 കടന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരിൽ ഭൂരിഭാഗവും യുഎഇയിൽ തുടരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ചെയ്യുന്നത്. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് ദുബായിലാണ്.
ഈ മാസം ഒന്നാം തീയതി മുതലായിരുന്നു യു.എ.ഇയിൽ പൊതുമാപ്പ് ആരംഭിച്ചത്. 10 ദിവസം കൊണ്ട് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 20,000ത്തിലേറെപേരാണ്.. 19,784 അപേക്ഷകളുമായി ദുബായ് എമിറേറ്റാണ് മുന്നിൽ. ദുബായിലെ 86 ആമർ സെന്ററുകളിലായി 17391 അപേക്ഷകൾ നടപടി പൂർത്തിയാക്കി. ദുബായ് അവീറിലെ കേന്ദ്രത്തിൽ 2,393 പേരാണ് അപേക്ഷിച്ചത്. 98.96 ശതമാനം അപേക്ഷകളിൽ 48 മണിക്കൂറിനകം നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. പൊതുമാപ്പ് ലഭിച്ചവരിൽ 12% പേർ മാത്രമാണ് രാജ്യം വിട്ടത്. ശേഷിച്ചവർ പുതിയ വിസയിലേക്ക് മാറി യുഎഇയിൽ തുടരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഒക്ടോബർ 31 വരെയാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.പൊതുമാപ്പ് അവസാനിച്ചാൽ നവംബർ ഒന്നുമുതൽ നിയമലംഘകർക്കായി പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാൽ തടവും പിഴയും നാടുകടത്തലുമാകും ശിക്ഷ. വിസ റദ്ദാക്കുകയോ കാലാവധി തീരുകയോ ചെയ്തവർ, രാജ്യത്ത് അനധികൃതമായി തങ്ങിയവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, യുഎഇയിൽ ജനിച്ചവരും താമസ വിസയ്‌ക്ക് അപേക്ഷിക്കാത്തവരുമായ കുട്ടികൾ എന്നിവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. രാജ്യത്ത് ഉടനീളം പൊതുമാപ്പ് അപേക്ഷ സ്വീകരിക്കാൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.