കൊച്ചി: നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരസ്യ വിമർശനവുമായി രംഗത്തെത്തിയ നിർമാതാവ് സാന്ദ്രാ തോമസിന് മറുപടിയുമായി അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അനിൽ തോമസ്. അമ്മ സംഘടനയുടെ ബി ടീമിനെ പോലെ പ്രവർത്തിക്കണ്ട കാര്യം നിർമാതാക്കളുടെ സംഘടനയ്‌ക്കില്ലെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൃത്യമായ വ്യക്തിത്വമുളള ആളുകൾ പ്രവർത്തിക്കുന്ന സംഘടനയാണ്. അമ്മ സംഘടനയോട് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടപ്പോൾ അത്് പ്രകടിപ്പിച്ചിട്ടുമുണ്ട്. അമ്മയുമായി പല കാര്യങ്ങളിലും സഹകരിച്ചിട്ടുണ്ട്. അതുപോലെ തിരിച്ചും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരിച്ച ബാധ്യത തീർക്കാൻ അമ്മയും സഹകരിച്ചിട്ടുണ്ട്. ഇത്തരം സഹകരണത്തിലൂടെയാണ് സംഘടനാടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൂന്ന് കോടി രൂപയ്‌ക്ക് മുകളിലുളള കടം ഒരു ഷോയിലൂടെ മാത്രമേ തീർക്കാനാകുമായിരുന്നുളളൂ. അമ്മ അതിന് സമ്മതിച്ചു. ഒരു ഷോ ഖത്തറിൽ നിശ്ചയിച്ചെങ്കിലും നടന്നില്ല. എന്നാൽ വീണ്ടും അമ്മ അടുത്ത ഷോയ്‌ക്കും സഹകരിച്ചു. ഇരുകൂട്ടരും ഇങ്ങനെ പരസ്പര ചർച്ചയിലൂടെയും കാര്യങ്ങളിലൂടെയും സഹകരിച്ച് ഷോ നടത്തുമ്പോൾ ഇവിടെ വിധേയത്വം എവിടെയാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അമ്മ സംഘടനയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്നും കൃത്യമായ നിലപാടില്ലെന്നുമായിരുന്നു സാന്ദ്രയുടെ ആരോപണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് ഏകപക്ഷീയമായിട്ടായിരുന്നുവെന്നും വാർത്താക്കുറിപ്പുകൾ ഇറക്കുന്നതല്ലാതെ മുന്നോട്ടുവന്ന് സംസാരിക്കാൻ സംഘടന ഭയപ്പെടുന്നുവെന്നും സാന്ദ്ര വിമർശിച്ചിരുന്നു.
മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും സാന്ദ്ര പറഞ്ഞു. അവർ തീരുമാനിക്കുന്ന സിനിമകളാണ് ഇവിടെ നടക്കുന്നത്. അത് മാത്രമേ വിൽക്കപ്പെടുന്നുളളൂ. ബാക്കിയുളളവർ സിനിമ നിർമിച്ചാൽ അത് പെട്ടിയിലിരിക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കണമെന്നും സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചുൾപ്പെടെ ഹേമ കമ്മിറ്റിയിലെ കണ്ടെത്തലുകളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും സാന്ദ്ര പറഞ്ഞിരുന്നു.