ധാക്ക: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി ഡോ. മുഹമ്മദ് യൂനുസ്. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ തനിക്ക് ആശംസകൾ നേർന്നതായും മുഹമ്മദ് യൂനുസ് പറഞ്ഞു. എല്ലാ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
” ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും മികച്ച ബന്ധമാണ് ഞങ്ങൾക്ക് ആവശ്യം. എന്നാൽ നീതിയിലും സമത്വത്തിൽ അധിഷ്ഠിതമായ ബന്ധമായിരിക്കണമത്. ഇടക്കാല സർക്കാരിന്റെ ചുമതലയേറ്റ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കൾ എനിക്ക് ആശംസകളും അഭിനന്ദനങ്ങളും നേർന്നിരുന്നു.”- മുഹമ്മദ് യൂനുസ് പറഞ്ഞു.
വെള്ളപ്പൊക്കം തടയുന്നതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി സഹകരണത്തിനായി ബംഗ്ലാദേശ്, ഇന്ത്യയുമായി ഉന്നതതല ചർച്ചകൾ ആരംഭിച്ചതായും യൂനുസ് കൂട്ടിച്ചേർത്തു. എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയെന്നതാണ് പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യം. അനീതിക്കെതിരെ പ്രതിഷേധിക്കാൻ മാരകായുധങ്ങൾക്ക് മുന്നിൽ ഹിമാലയം പോലെ നിന്നവരെ ഓർക്കുന്നു. പൊലീസിന്റെ ആക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞവർ നിരവധിയാണ്. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പരിക്കേറ്റവരുടെ പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് സമ്പ്രദായം ഉൾപ്പെടെ ആറ് സുപ്രധാന മേഖലകളിൽ നവീകരണത്തിനായി ആറ് കമ്മീഷനുകൾ രൂപീകരിക്കാൻ ഇടക്കാല സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ ബംഗ്ലാദേശ് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണവും പങ്കാളിത്തവും ആവശ്യമാണെന്നും യൂനുസ് പറഞ്ഞു.