ചെന്നൈ: മധുരയിലെ കത്രപാളയത്ത് പ്രവർത്തിക്കുന്ന വിശാഖ എന്ന വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീകെടുത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 3 സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ മധുര സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. തീപിടിത്തത്തിന്റെ കാരണം പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.
വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ നടത്തിപ്പുകാരിയായ ഇൻപ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മതിയായ അനുമതിയില്ലാതെയാണ് വനിതാ ഹോസ്റ്റൽ നടത്തുന്നതെന്നാണ് റിപ്പോർട്ട് . മധുര മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ വർഷം ഈ ഹോസ്റ്റൽ ഒഴിയാൻ നോട്ടീസ് അയച്ചിരുന്നു.















