റോഡ് അപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണം പുറത്ത് വിട്ട് ഡൽഹി സർക്കാർ. 2022 ലെ കണക്കാണ് പുറത്തുവിട്ടത്. ദിനംപ്രതി 4 പേരാണ് അപകടങ്ങളിൽ മരിക്കുന്നതെന്നും പോയ വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തോളം വർദ്ധനവുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചതിൽ 50% പേരും കാൽനടക്കാരാണ്. ശേഷിക്കുന്നതിൽ 45% ഇരു ചക്ര-മുചക്ര യാത്രികരോ ഡ്രൈവർമാരോ ആണ്. ഗതാഗത വകുപ്പിന്റേതാണ് വിവരങ്ങൾ.
1,517 അപകടങ്ങളിൽ 1,571 പേർക്ക് ജീവൻ നഷ്ടമായി. മരിച്ചതിൽ 95 ശതമാനം പേരും കാൽനടയാത്രക്കാർ, മോട്ടോർ സൈക്കിൾ യാത്രക്കാർ, സൈക്കിൾ യാത്രക്കാർ, ഓട്ടോ റിക്ഷാ യാത്രക്കാർ എന്നിവരാണ്. ഇത് ദേശീയ ശരാശരിയായ 70.8 ശതമാനത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. മരിച്ചത് 89 ശതമാനം പുരുഷന്മാരും 11 ശതമാനം സ്ത്രീകളുമാണ്. 30 നും 39 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് മരിച്ചതിലധികവും.
ആഴ്ചയിലെ മിക്ക ദിവസങ്ങളിലും രാത്രി 9 മുതൽ പുലർച്ചെ 2 വരെയാണ് അപകടങ്ങളിലധികവും സംഭവിച്ചിരിക്കുന്നത്. രാത്രിയിലോ അതിരാവിലെയിലോ അമിത വേഗം സ്വീകരിക്കുന്നതാണ് കാരണം. നിരവധി ഹിറ്റ് ആൻഡ് റൺ കേസുകൾ സംഭവിക്കുന്ന സമയം കൂടിയാണിത്.ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.