ബെംഗളൂരു: കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ 52 പേരെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. ബദരികൊപ്പാലു ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഗണേശയാത്രയ്‌ക്ക് നേരെ പ്രദേശത്തെ മസ്ജിദിൽ നിന്ന് കല്ലേറും ചെരിപ്പേറുമുണ്ടാവുകയായിരുന്നു. സമാധാനപരമായി കടന്നു പോവുകയായിരുന്ന യാത്രയ്‌ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിൽ സംഘർഷ സാഹചര്യം ഉടലെടുക്കുകയായിരുന്നു.
ആക്രമണമുണ്ടായതോടെ ഘോഷയാത്രയിൽ പങ്കെടുത്തവർ ഗണേശവിഗ്രഹങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിക്കുകയും, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയുമായിരുന്നു. അതേസമയം കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ ഒത്തുകൂടിയിരിക്കുകയാണ്.
കാരണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും, തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്നതാണെന്നും പൊലീസ് അറിയിച്ചു. തെറ്റ് ചെയ്യാത്തവരെ വിട്ടയയ്‌ക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ നാഗമംഗലയിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് സാഹചര്യത്തെ കൈകാര്യം ചെയ്തുവെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ അവകാശപ്പെട്ടു. ”ഗണേശഘോഷയാത്രയ്‌ക്ക് നേരെ ആരോ കല്ലെറിയുകയായിരുന്നു, സംഭവത്തിൽ 52 പേരെ കസ്റ്റഡിയിലെടുത്തു. നിലവിൽ സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിലാണെന്നും” പരമേശ്വർ പറയുന്നു. അതേസമയം സംഭവം അപലപനീയമാണെന്നും, കോൺഗ്രസ് എല്ലായ്പ്പോഴും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇത്തരം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി വിമർശിച്ചു.